തിരുവനന്തപുരം: അണലിയുടെ കടിയേറ്റു ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടതിനു പിന്നാലെ മൂർഖൻ പാന്പിനെ പിടികൂടി. ഇന്നലെ രാവിലെ അരുവിക്കരയ്ക്കു സമീപമുള്ള മിഥുൻ എന്ന വ്യക്തിയുടെ പുരയിടത്തിൽനിന്നാണ് വാവ സുരേഷ് മൂർഖനെ പിടികൂടിയത്.
മൂർഖനെ പിടികൂടിയതിനു പിന്നാലെ വാവാ സുരേഷ് ഫോട്ടോയും ഒരു കുറിപ്പും ഫേസ് ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ 13ന് പാന്പുകടിയേറ്റശേഷം ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ ശേഷമുള്ള ആദ്യത്തെ അതിഥിയാണ് ഈ മൂർഖനെന്നും തനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഒരായിരം നന്ദി അറിയിക്കുന്നതായും വാവ സുരേഷിന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണു വാവ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തത്. പാന്പുപിടിത്തത്തിനിടെ കഴിഞ്ഞ 13ന് വാവ സുരേഷിന് അണലിയുടെ കടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയും മുറിയും അനുവദിച്ചിരുന്നു. മന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കുമെല്ലാം നന്ദി പറഞ്ഞായിരുന്നു വാവ സുരേഷ് ആശുപത്രിവിട്ടത്.
ആശുപത്രിവിട്ടതിനു പിന്നാലെ മൂർഖൻ പാന്പുമായി വാവ സുരേഷ്
12:01 AM Feb 23, 2020 | Deepika.com