തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്ഗ്രസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു ഗൗരവമായ ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്നും 25നു ചേരുന്ന യുഡിഎഫ് ഏകോപന സമിതി ഈ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറുശതമാനം വിജയപ്രതീക്ഷയാണ്. ജനവികാരം യുഡിഎഫിന് അനുകൂലമാണ്. ജനം മാറ്റം ആഗ്രഹിക്കുന്നു. കുട്ടനാട് എംഎൽഎ വൻ പരാജയമായിരുന്നു. ഐക്യത്തോടെ മുന്നോട്ടു പോയാൽ യുഡിഎഫിനെ ആർക്കും പരാജയപ്പെടുത്താനാകില്ല. പാലാ ഉപതെരഞ്ഞെടുപ്പ് എല്ലാവർക്കും ഒരു പാഠമാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കുട്ടനാട് സീറ്റ് കോണ്ഗ്രസ് ഏറ്റെടുക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടയിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.
യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കേരള കോണ്ഗ്രസ്- ജേക്കബിലെ പിളർപ്പ് ഒഴിവാക്കണമെന്നു നേതാക്കളായ ജോണി നെല്ലൂരിനോടും അനൂപ് ജേക്കബിനോടും ആവശ്യപ്പെട്ടിരുന്നു. ഇരുവരുമായി താൻ ആശയവിനിമയം നടത്തിയിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. കുട്ടനാട് നിയമസഭാ സീറ്റ് കോണ്ഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ യുഡിഎഫാണു തീരുമാനമെടുക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ആരുമായും ഒരു ചർച്ചയും നടന്നിട്ടില്ല. ഇതു സംബന്ധിച്ച മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
കുട്ടനാട് സീറ്റ് ഏറ്റെടുക്കൽ: യുഡിഎഫിൽ ചർച്ച ചെയ്യുമെന്നു മുല്ലപ്പള്ളി
12:17 AM Feb 22, 2020 | Deepika.com