കോട്ടയം: പ്രമുഖ നിയമജ്ഞനും കോട്ടയം ബാറിലെ മുതിർന്ന അഭിഭാഷകനുമായ അയ്മനം ഐക്കരച്ചിറ ആഞ്ഞിലിത്തറ എ.വി. ജോർജ് (ജോപ്പൻ വക്കീൽ-82) അന്തരിച്ചു. സിവിൽ, കാനൻ നിയമങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം സീറോ മലബാർ സഭയുടെയും വിവിധ കത്തോലിക്ക രൂപതകളുടെയും നിയമ ഉപദേഷ്ടാവും അഭിഭാഷകനുമായിരുന്നു. സംസ്കാരം ഇന്നു മൂന്നിനു പുലിക്കുട്ടിശേരി ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ നടക്കും.
വസതിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും ദേവാലയത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സംസ്കാര ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കും.
കോട്ടയം ബാറിൽ 50 വർഷം സേവനമനുഷ്ഠിച്ച അഡ്വ. എ.വി. ജോർജ് ഇന്നലെ രാവിലെ 11.30ന് എറണാകുളം ലിസി ആശുപത്രിയിലാണ് അന്തരിച്ചത്. കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപതകൾക്കു പ്രത്യേകനിയമാവ ലികൾ തയാറാക്കുന്നതിലും നിയമോപദേശം നൽകുന്നതിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിലിൽ ഏറെക്കാലമായി അംഗമാണ്. പൊതുപ്രവർത്തനരംഗത്തും സജീവമായിരുന്ന ഇദ്ദേഹം അയ്മനം പഞ്ചായത്തിൽ 15 വർഷം മെംന്പറായും പ്രവർത്തിച്ചു.
കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ്, ചങ്ങനാശേരി എസ്ബി കോളജ് മാനേജിംഗ് കമ്മിറ്റിയംഗം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങി വിവിധ ബാങ്കുകളുടെ നിയമോപദേഷ്ടാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ആനിയമ്മ ജോർജ് കോട്ടയം ആലുംപറന്പിൽ കുടുംബാംഗം. മക്കൾ: ഡോ. രഞ്ജിത് ജോർജ് ( ഡെന്റൽ കെയർ, കോട്ടയം), ജെറീഷ് ജോർജ് (എ.ജെ. എന്റർപ്രൈസസ്, കോട്ടയം).
അഡ്വ.എ.വി.ജോർജ് അന്തരിച്ചു
12:46 AM Feb 21, 2020 | Deepika.com