മൂന്നാർ: ശൈത്യകാലത്ത് എത്താൻ മടിച്ചുനിന്ന തണുപ്പ് വൈകിയാണെത്തിയതെങ്കിലും മൂന്നാറിൽ സഞ്ചാരികളുടെ മനം കുളിരണിഞ്ഞു. ഇത്തവണ തണുപ്പ് ആദ്യമായാണ് മൈനസിലെത്തിയത്. തണുപ്പ് പൂജ്യം ഡിഗ്രി സെൽഷസിലെത്തിയതോടെ പെയ്തിറങ്ങിയ മഞ്ഞുകണങ്ങൾ പുൽമേടുകളെയും ചെടികളെയും പൊതിഞ്ഞ കാഴ്ച മൂന്നാറിനെ മനോഹരമാക്കുകയാണ്.
മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഒരു ഡിഗ്രിയിലെത്തിയത്. ഇന്നലെ പുലർച്ചെ കഠിനമായ തണുപ്പാണ് മൂന്നാറിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സെവൻമല, സൈലന്റ് വാലി, ചെണ്ടുവാര, മാട്ടുപ്പെട്ടി, നല്ലതണ്ണി എന്നിവിടങ്ങളിൽ പൂജ്യമായിരുന്നു താപനില. മഞ്ഞുവീഴ്ചയിൽ പുൽമേടുകളും മൈതാനങ്ങളും ചാരം വിതറിയപോലെ തോന്നിച്ച കാഴ്ച കാണാൻ നൂറുകണക്കിന് സന്ദർശകരാണ് മൂന്നാറിലെത്തിയത്.
മൂന്നാറിലെ പെരിയവര, കന്നിമല, ഹെഡ് വർക്സ് ഡാം എന്നിവിടങ്ങളായിരുന്നു ഏറെപ്പേർ തണുപ്പ് ആസ്വദിക്കാനെത്തിയത്. ഡിസംബർ പകുതിയോടെയെത്തുന്ന അതിശൈത്യം ഇത്തവണ മൂന്നാറിൽ എത്തിയിരുന്നില്ല. ശൈത്യകാലം അവസാനിക്കുന്ന സമയത്താണ് തണുപ്പ് മൈനസിലെത്തിയതെന്നും ശ്രദ്ധേയം.
മൂന്നാറിൽ തണുപ്പ് മൈനസ് ഒന്നിൽ
11:39 PM Feb 20, 2020 | Deepika.com