തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ആനന്ദ് മാതൃകാ ക്ഷീര സഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്കാരം തിരുവനന്തപുരം അതിയന്നൂർ ബ്ലോക്കിലെ നെടിയവിരാലി ക്ഷീര സംഘത്തിന്.
മികച്ച പരന്പരാഗത ക്ഷീരസംഘമായി ചിറയിൻകീഴ് ബ്ലോക്കിലെ മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സംഘത്തേയും തെരഞ്ഞെടുത്തതായി മന്ത്രി കെ. രാജു പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാര തുക. 26ന് തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പുരസ്കാരം സമ്മാനിക്കും.
സംസ്ഥാനത്തെ മികച്ച ക്ഷീര സഹകാരിയായി കാസർഗോഡ് മഞ്ചേശ്വരം ഖണ്ഡിഗെ ഫാമിലെ അബൂബക്കർ സിദ്ദിഖിനെ തെരഞ്ഞെടുത്തു. 2019- 20ൽ 292629 ലിറ്റർ പാൽ അളന്നതിനാണ് പെർള ക്ഷീരോല്പാദക സഹകരണ സംഘത്തിൽ ഉൾപ്പെട്ട സിദ്ദിഖിന് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് അവാർഡ്.
മേഖലാ അവാർഡുകളും പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖല: പത്തനംതിട്ട പറക്കോട് ചെറുകുന്നം ക്ഷീരസംഘത്തിലെ ബി വിജയൻ (ജനറൽ), റാന്നി വെച്ചൂച്ചിറ സംഘത്തിലെ മേരിക്കുട്ടി ജോയി (വനിത), ആലപ്പുഴ ഭരണിക്കാവ് കണ്ണനാക്കുഴി സംഘത്തിലെ ബി ബാബു (എസ്സി/ എസ്ടി).
എറണാകുളം മേഖല: എറണാകുളം കൂവപ്പടി മുടക്കുഴ ഈസ്റ്റ് ക്ഷീരോല്പാദക സഹകരണ സംഘത്തിലെ റെയ്മണ്ട് ഫ്രാൻസിസ് (ജനറൽ), തൃശൂർ ചാലക്കുടി പാളയംപറന്പ് സംഘത്തിലെ ലക്ഷ്മി മേനോൻ (വനിത), ഇടുക്കി കട്ടപ്പന ചെല്ലാർകോവിൽ സംഘത്തിലെ രാമമൂർത്തി (എസ്സി/ എസ്ടി).
മലബാർ: പാലക്കാട് തൃത്താല വട്ടേനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിലെ ഡോ. രാമകൃഷ്ണൻ (ജനറൽ), കണ്ണൂർ തലശേരി പിണറായി സംഘത്തിലെ എ.പി. ശ്രീരിഷ (വനിത), കാസർഗോഡ് പരപ്പ കോളിച്ചാൽ സംഘത്തിലെ കമലാ സുന്ദർ (എസ്സി/ എസ്ടി).
ക്ഷീര വികസന അവാർഡുകൾ പ്രഖ്യാപിച്ചു
11:39 PM Feb 20, 2020 | Deepika.com