കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പോലീസുകാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ നൽകിയ ജാമ്യം ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്ത സിബിഐക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ഹര്‍ജിക്കാര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യ ഉത്തരവ് സിബിഐ മേല്‍ക്കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതെന്നും ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതികളെ ഉടന്‍ വിട്ടയയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് ബി. സുധീന്ദ്രകുമാറിന്റേതാണു തീരുമാനം.
കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്ത കേസിലെ പ്രതികളായ നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ ഇടുക്കി ഉടുമ്പന്‍ചോല കരുണാപുരം നവമി സി.ബി. റജിമോന്‍ (48), സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ്. നിയാസ് (33), നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി സജീവ് ആന്റണി (42), ഹോം ഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊക്കല്‍ കെ.എം. ജയിംസ് (52), സിവില്‍ പോലീസ് ഓഫീസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ ജിതിന് കെ. ജോര്‍ജ് (31), എഎസ്ഐ ഇടുക്കി കൊത്തടി മുനിയറ ഇഴുമലയില്‍ റോയ് പി. വര്‍ഗീസ് (54) എന്നിവരെ എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയ ഉത്തരവ് പരിഗണിച്ചാണ് സിജെഎം കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തത്.
പ്രതികള്‍ക്കെതിരേയുള്ള ജാമ്യം റദ്ദാക്കിയിട്ടില്ലെന്നും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നു മാത്രം സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളതെന്നു പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ വിവരം ബോധ്യപ്പെട്ട സിജെഎം കോടതിയും പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് ജാമ്യ ഉത്തരവ് പിന്‍വലിച്ച് ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞദിവസം വിശദമായ വാദം കേട്ടതിനുശേഷം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് തള്ളി ഉത്തരവിട്ടു. തുടര്‍ന്ന് അഡീ. സിജെഎമ്മിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി എത്രയും പെട്ടെന്ന് പ്രതികളെ വിട്ടയയ്ക്കാന് ഉത്തരവിടുകയായിരുന്നു.
പ്രതികള്‍ക്ക് അനുവദിച്ച ജാമ്യ ഉത്തരവ് മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യാതെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് കോടതി കണ്ടെത്തി. പ്രതികളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് 40,000 രൂപയ്ക്ക് തുല്യമായ രണ്ടു പേരുടെ ഇടക്കാല ജാമ്യമാണു കോടതി അനുവദിച്ചത്.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്: പ്രതികളായ പോലീസുകാര്‍ക്കു ജാമ്യം
11:35 PM Feb 20, 2020 | Deepika.com