കൊച്ചി: കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പിന്തുണയ്ക്കുന്നതായി കേരള യൂത്ത്ഫ്രണ്ട് ജേക്കബിലെ ഒരു വിഭാഗം സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യുഡിഎഫിന്റെ യുവജനവിഭാഗമായ യുഡിവൈഎഫിലെ നിര്‍വാഹകസമിതി അംഗങ്ങളായ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് കുന്നുംപുറം, സംഘടനാ ചുമതലയുള്ള സ്റ്റെലിന് പുല്ലംകോട്, മീഡിയ സെല്‍ കണ്‍വീനര്‍ മാത്യു പുല്യാട്ടേല്‍ തരകന് എന്നിവരാണു പിന്തുണ പ്രഖ്യാപിച്ചത്. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ഭൂരിപക്ഷം അംഗങ്ങളും ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും ലയനത്തിന് പൂര്‍ണ പിന്തുണ നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
പാര്‍ട്ടി ലീഡര്‍ ആയിരുന്ന ടി.എം. ജേക്കബിന്റെ സ്വപ്നം കൂടിയായിരുന്നു എല്ലാ കേരള കോണ്‍ഗ്രസുകളുടെയും ലയനമെന്നും അവര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാക്കന്മാര് സ്ഥിരം പറയുന്നത് എല്ലാവരും ഒന്നിക്കുമ്പോള്‍ ഒന്നിക്കാം എന്നാണ്. എന്നാല്‍ ആരെങ്കിലും തുടക്കമിട്ടാലേ അതു സാധിക്കൂ എന്നതിനാലാണു തങ്ങള്‍ ലയനത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതെന്നും യൂത്ത് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ലയനത്തിനു പിന്തുണയെന്ന്
11:35 PM Feb 20, 2020 | Deepika.com