കോട്ടയം: തിരുവല്ല പുഷ്പഗിരി ആശുപത്രി വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ ദന്തക്ഷയ പ്രതിരോധ ചികിത്സാ പദ്ധതി നടപ്പാക്കുന്നു. 2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിൽ ആറു വയസുമുതൽ 12 വയസു വരെയുള്ള കുട്ടികൾക്ക് ഈ പദ്ധതി ലഭ്യമാകുന്നു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹായത്തോടെ 2014-15 കാലയളവിൽ പുഷ്പഗിരി കോളജ് ഓഫ് ഡെന്റൽ സയൻസസ് നടത്തിയ പഠനത്തിൽ 54 ശതമാനം കുട്ടികളിലും ദന്തക്ഷയം കാണപ്പെട്ടു. ഇതിനു പരിഹാരം കാണാൻ വേണ്ടിയാണ് പദ്ധതിക്കു തുടക്കമിടുന്നത്.
ദന്തക്ഷയം ഒരു ജീവിതശൈലീ രോഗമാണ്. കുട്ടികളിൽ ആറാമത്തെ വയസിൽ പുതിയ അണപ്പല്ലുകൾ മുളച്ചുവരുന്നു. ഇത് ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ഈ പല്ലുകളിൽ പുറത്തു വരുന്പോൾ കൂടുതൽ കുഴികളുള്ള പ്രതലം കാണുന്നതിനാൽ പോടിനുള്ള സാധ്യത കൂടുതലാണ്. ഈ കുഴികൾ ലാമിനേറ്റ് സീലന്റ് ഉപയോഗിച്ച് അടച്ചുവച്ചാൽ പോടുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയും.
സാധാരണ രീതിയിൽ ഈ നാല് അണപ്പല്ലുകളിൽ ഈ ചികിത്സ ലഭ്യമാക്കാൻ 1000 രൂപ മുതൽ 1500 രൂപ വരെ ചികിത്സ ചെലവ് വരും. പത്തനംതിട്ട ജില്ലയിലെ ഗവൺമെന്റ് സ്കൂളുകൾക്കും സമീപ പ്രദേശങ്ങളിലെ മറ്റു സ്കൂളുകൾക്കും പള്ളികൾക്കും മറ്റ് മത സന്നദ്ധ സംഘടനകൾക്കും ഈ സൗജന്യ ചികിത്സാ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
പുഷ്പഗിരി ഡെന്റൽ കോളജിൽ പ്രവൃത്തിദിവസങ്ങളിൽ മുൻകൂർ സമയം നിശ്ചയിച്ച് കുട്ടികളെക്കൊണ്ടു വന്നു ചികിത്സ നടത്തി തിരികെ കൊണ്ടുപോകാവുന്നതാണ്.
വിവരങ്ങൾക്ക് 0469-2645210 എന്ന നന്പറിൽ രാവിലെ 8.30 മുതൽ 3.30 വരെ ബുക്കിംഗ് ചെയ്യാവുന്നതാണ്.
സൗജന്യ ദന്തക്ഷയ പ്രതിരോധ ചികിത്സാ പദ്ധതി
11:33 PM Feb 20, 2020 | Deepika.com