കൊച്ചി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന് അബ്ദുള്‍ സത്താര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
ഫസലിനെ കൊന്നതു തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സത്താര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2006 ഒക്ടോബര്‍ 22നാണ് പത്രവിതരണത്തിനുപോയ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്കു സമീപത്തുവച്ച് വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് അന്വേഷണം നടത്തി സിബിഐ സംഘം സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരുള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ കുറ്റപത്രം നല്‍കിയിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പിന്നീട് 2016 ല്‍ കൂത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകനായ മോഹനനെ വധിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് സുബീഷ് കണ്ണവം സ്വദേശിയായ സിപിഎം പ്രവര്ത്തകന് പവിത്രനെയും തലശേരി സ്വദേശി ഫസലിനെയും കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന് പോലീസില്‍ കുറ്റസമ്മതം നടത്തി. ഇതു വീഡിയോയില്‍ ചിത്രീകരിച്ച പോലീസ് ദൃശ്യങ്ങളും രേഖകളും ഡിജിപി മുഖേന സിബിഐ ഡയറക്ടര്‍ക്ക് കൈമാറി.
എന്നാല്‍ ഇവയ്ക്ക് കടലാസിന്റെ വിലപോലുമില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്. ഇതിനിടെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താര്‍ ഹൈക്കോടതിയില്‍ എത്തിയത്. സംഭവ സമയത്ത് തലശേരിയില്‍ ആര്‍എസ്എസ് - എന്‍ഡിഎഫ് സംഘര്‍ഷം നിലനിന്നിരുന്നെന്നും ഇക്കാര്യം അന്വേഷിച്ചില്ലെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു. സുബീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന നിലപാടാണ് പോലീസും സ്വീകരിച്ചത്.
ഫസല്‍ വധക്കേസ് സിബിഐ തുടരന്വേഷണമാവശ്യപ്പെട്ട ഹര്‍ജി വിധി പറയാനായി മാറ്റി
12:35 AM Feb 20, 2020 | Deepika.com