തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റയെ വ്യക്തിപരമായി ആക്രമിക്കുന്നതിനെതിരെയും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വില്ലകൾ സന്ദർശിച്ചതിനെതിരെയും വിമർശനവുമായി ഐപിഎസ് അസോസിയേഷൻ കേരള ചാപ്റ്റർ രംഗത്ത്.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടുത്തിടെ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങൾ നിർഭാഗ്യകരമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താനും വിവിധ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ അസംതൃപ്തി ഉണ്ടാക്കാനും ശ്രമിക്കുന്ന നടപടി അപലപനീയമാണെന്നും ഐപിഎസ് അസോസിയേഷൻ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
വ്യക്തിഗത ആക്രമണങ്ങൾ സേനയിലെ വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ വിള്ളൽ വീഴ്ത്തുമെന്ന് പ്രമേയത്തിൽ പറയുന്നു. ചില വ്യക്തികൾ സംഘമായി പോലീസ് ഓഫീസർമാരുടെ ഒൗദ്യോഗിക വസതിയിൽ എത്തിയത് സന്ദർഭോചിതമല്ല. പോലീസ് ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക വസതികളുടെ വിഷ്വലുകൾക്കൊപ്പം മാധ്യമങ്ങളിൽ വന്ന വാക്കുകളും തരംതാഴ്ന്ന രീതിയിലുള്ളതായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെയും വീടിന്റെയും കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കാത്ത ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്നും പ്രമേയത്തിൽ വിമർശിക്കുന്നു.
ഇന്നലെ വൈകിട്ടോടെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംഘവും ഡിപിഐ ജംഗ്ഷനു സമീപമുള്ള വില്ലകൾ സന്ദർശിച്ചത്. തുടർന്ന് ഇന്നലെ രാത്രിയിൽ തന്നെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയായിരുന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരേ ഐപിഎസ് അസോ. പ്രമേയം
12:35 AM Feb 20, 2020 | Deepika.com