പരിയാരം: കണ്ണൂര്‍ ഗവ.നഴ്സിംഗ് കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി നഴ്സിംഗ് പരീക്ഷാഫലം കേരള ആരോഗ്യ സര്‍വകലാശാല തടഞ്ഞുവച്ചു. അറുപത് വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞത്. പരീക്ഷ സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. പരീക്ഷാഹാളിലെ ആറു സിസിടിവി കാമറകളുടെ വിവരങ്ങളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
പരീക്ഷ നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മുതല്‍ പരീക്ഷ അവസാനിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ സിസിടിവിയില്‍ പകര്‍ത്തിയതിന്റെ സിഡിയും പരീക്ഷാപേപ്പറുകള്ക്കൊപ്പം കോളജ് അധികൃതര്‍ സര്‍വകലാശാലയ്ക്ക് നല്‍കാറുണ്ട്. ഇതാണ് പരിശോധിക്കുന്നത്. പരീക്ഷാഫലം തടഞ്ഞുവച്ചത് ശരിയാണെന്നും കാരണം അറിയില്ലെന്നുമാണ് ഇതുസംബന്ധിച്ച് പ്രിന്‍സിപ്പൽ പ്രഫ.എം.കെ.പ്രീത പ്രതികരിച്ചത്. ഉടന്‍തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. വിവിധ കോളജുകള്‍ വിജയശതമാനം വര്‍ധിപ്പിക്കുന്നതിന് ചില വഴിവിട്ട സമീപനങ്ങള്‍ സ്വീകരിക്കുന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ പൂര്‍ണമായി കാമറയില്‍ പകര്‍ത്താന്‍ ആരോഗ്യസര്‍വകലാശാല നിര്‍ദേശം നല്‍കിയത്.
കണ്ണൂര്‍ ഗവ.നഴ്സിംഗ് കോളജ് പരീക്ഷാ ഫലം തടഞ്ഞുവച്ചു
11:52 PM Feb 19, 2020 | Deepika.com