കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ നോട്ടു നിരോധനസമയത്തു വി.കെ. ഇബ്രാഹിംകുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഫ്ളൈ ഓവര്‍ നിര്‍മാണത്തിലൂടെയും മറ്റും സമ്പാദിച്ച അനധികൃത പണമാണിതെന്നും ആരോപിച്ചു കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണു വിജിലന്‍സിന്റെ വിശദീകരണം.
മൂന്നു മണിക്കൂറോളം ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കള്ളപ്പണം അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് ചുമതലയെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഇവരെ കക്ഷിചേര്‍ത്തിരുന്നു.
പരാതിക്കാരന് ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കുമോയെന്ന് ചോദിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജിലന്‍സിന് കത്തു നല്‍കിയിരുന്നെന്നും വിജിലന്‍സ് അഭിഭാഷകന് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി മാര്‍ച്ച് രണ്ടിനു വീണ്ടും പരിഗണിക്കാനായി മാറ്റി. കള്ളപ്പണം വെളുപ്പിച്ച സംഭവം പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നു വിജിലന്‍സ്
12:25 AM Feb 19, 2020 | Deepika.com