പിറവം: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പിറവം ബിപിസി കോളജിൽ ബിഎസ്സി ഇലക്ട്രോണിക് ഒന്നാം വർഷ വിദ്യാർഥിയായ ചോറ്റാനിക്കര എരുവേലി തുടിയൻ വീട്ടിൽ റെജിയുടെ മകൻ റെമിൻ (22) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പിറവം ഇടയാർ റോഡിൽ സെന്റ് ജോസഫ് ഹൈസ്കൂളിനു സമീപം വേള ഇറക്കത്തിലെ വളവിലായിരുന്നു അപകടം. പിറവത്തുനിന്നു പാലച്ചുവട് ഭാഗത്തേക്കു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചതിനുശേഷം വിദ്യാർഥികൾ റോഡിലേക്കു വീഴുകയായിരുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ വിദ്യാർഥികളായ പി.എസ്. അനീഷ് കുമാർ, അശ്വിൻ എസ്. അനിൽ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെമിന്റെ സംസ്കാരം ഇന്നു മൂന്നിനു വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. അമ്മ: സിമി. സഹോദരൻ: റോഷൻ വെട്ടിക്കൽ സെന്റ് എഫ്രം സ്കൂൾ വിദ്യാർഥി.
ബൈക്ക് മതിലിലിടിച്ചു വിദ്യാർഥി മരിച്ചു
12:07 AM Feb 18, 2020 | Deepika.com