പീരുമേട്: ശബരിമല തീർഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ യാത്രികനും ബംഗളൂരു സ്വദേശിയുമായ രഘുനാഥൻ (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെങ്കടേഷ് (42), മകൻ സായിസരൻ (ഒന്പത്), സുരേന്ദ്രൻ (44) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെയാണ് അപകടം. 55-ാം മൈലിനു സമീപം വശം തെറ്റിച്ച് എത്തിയ കാർ എതിരേ വന്ന പച്ചക്കറി വാനിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ എതിരേ വരുന്നതു കണ്ട ഡ്രൈവർ വാൻ റോഡിനു വെളിയിൽ മാറ്റിനിർത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാർ ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്നു സംശയിക്കുന്നു. മരിച്ച രഘുനാഥന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
ശബരിമല തീർഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
12:07 AM Feb 18, 2020 | Deepika.com