തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,276 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 2,262 പേര് വീടുകളിലും 14 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംശയിക്കപ്പെടുന്ന 418 പേരുടെ സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 405 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. വുഹാനില്‍ നിന്നു തിരിച്ചെത്തിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ് ചെയ്തു.
തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയില്‍നിന്നു വിമാനമാര്‍ഗം തിരിച്ചെത്തിച്ച് ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയുന്നവരില്‍ 115 പേര് കേരളത്തില്നിന്നുള്ളവരാണെന്നും അവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അവരെ ഇന്നു വൈകുന്നേരം മുതല്‍ കേരളത്തിലേക്കു മടങ്ങാന്‍ അനുവദിക്കും. കേരളത്തില്‍ തിരിച്ചെത്തിയാലും 28 ദിവസം അവര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയണം.
സംസ്ഥാനത്ത് 2,276 പേര് നിരീക്ഷണത്തില്‍
01:21 AM Feb 17, 2020 | Deepika.com