കായംകുളം: കഞ്ചാവ് സംഘത്തെ പിടികൂടാനെത്തിയ പോലീസുകാരെ നാലംഗ സംഘം ആക്രമിച്ചു. സംഭവത്തിൽ പോലീസുകാരനു പരിക്കേറ്റു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷാഫിക്കാണു പരിക്കേറ്റത്. ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘത്തിലുണ്ടായിരുന്ന എരുവ കടയിൽ ഇർഫാൻ (18) എരുവ കാടാശേരിൽ ഇൻഫാൻ (18) എന്നിവരെയാണു പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ മുഹയിദീൻ പള്ളിക്കു സമീപമായിരുന്നു സംഭവം.
ഇവിടെ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വോഡിലെ പോലീസ് സംഘം മഫ്ത്തിയിൽ സ്ഥലത്തെത്തിയത്. പോലീസ് എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന നാലംഗ സംഘം ഇവർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും പോലീസിനെ തള്ളി മാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടയിൽ താഴെ വീണാണു ഷാഫിക്കു പരിക്കേറ്റത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേരെ ഉടൻതന്നെ പോലീസ് സംഘം പിടികൂടുകയായിരുന്നു . എസ്ഐ ഇല്ലാസ്, എഎസ്ഐ മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരും ഷാഫിയോടൊപ്പം ഉണ്ടായിരുന്നു. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ആരംഭിച്ചു.
കഞ്ചാവ് സംഘത്തെ പിടിക്കാനെത്തിയ പോലീസിനെ ആക്രമിച്ചു; രണ്ടു പേർ അറസ്റ്റിൽ
01:19 AM Feb 16, 2020 | Deepika.com