കോട്ടയം: ഗവേഷണ-അക്കാദമിക-കായിക മേഖലയിൽ സഹകരണത്തിനൊരുങ്ങി എംജി സർവകലാശാലയും മലേഷ്യയിലെ ലിങ്കണ് സർവകലാശാല കോളജും. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള രാജ്യാന്തര അക്കാദമിക സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു.
സംയുക്ത പിഎച്ച്ഡി-പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളും അധ്യാപക, വിദ്യാർഥി കൈമാറ്റ പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും. ഹ്രസ്വകാല നൈപുണ്യ, കരിയർ സർട്ടിഫിക്കറ്റ് - ഡിപ്ലോമ പ്രോഗ്രാമുകൾ ആരംഭിക്കും. സംയുക്ത ഗവേഷണ പദ്ധതികളും പഠനങ്ങളും പ്രസിദ്ധീകരണങ്ങളും സാധ്യമാകും. സംയുക്ത സമ്മേളനങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. രാജ്യാന്തര അക്രഡിറ്റേഷനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കും. സംയുക്ത സാംസ്കാരിക-കായിക പരിപാടികൾ സംഘടിപ്പിക്കാനും ധാരണയായി. സർവകലാശാല മിനി കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലിങ്കണ് സർവകലാശാല കോളജ് വൈസ് ചാൻസലർ ഡോ. അമിയ ഭൗമികും എംജി സർവകലാശാല രജിസ്ട്രാർ പ്രഫ. കെ. സാബുക്കുട്ടനും ധാരണാപത്രത്തിൽ ഒപ്പിട്ടു.
അക്കാദമിക ഗവേഷണരംഗത്ത് രാജ്യാന്തര നേട്ടങ്ങൾ കൈവരിക്കാൻ പരസ്പര സഹകരണം വഴിതെളിക്കുമെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു.
പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കറ്റംഗങ്ങളായ പി.കെ. ഹരികുമാർ, ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ്, ലിങ്കണ് സർവകലാശാല കോളജ് അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. ജ്യോതിസ് കുമാർ, ഡോ. ജോസ് ജെയിംസ് എന്നിവർ പങ്കെടുത്തു.
രാജ്യാന്തര അക്കഡേമിക് സഹകരണത്തിനൊരുങ്ങി എംജി വാഴ്സിറ്റിയും മലേഷ്യ ലിങ്കണ് സർവകലാശാലയും
12:21 AM Jan 29, 2020 | Deepika.com