കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള യുഡിഎഫ് സമരത്തിൽ എൽഡിഎഫിനെ ക്ഷണിക്കുന്നില്ലെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ഇടതുമുന്നണി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുമുന്നണിയെ കണ്ടിട്ടല്ല യുഡിഎഫ് സമരം പ്രഖ്യാപിക്കുന്നത്. ഇടതു മുന്നണിയെപോലെ പൗരത്വ വിഷയത്തിൽ യുഡിഎഫ് രാഷ്ട്രീയം കാണുന്നില്ല. ഒന്നിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്ന് ആദ്യം നിർദേശം വച്ചതും യുഡിഎഫ് ആണ്. കേരളത്തിലെ പൊതു അഭിപ്രായത്തിനെതിരെയാണു ഗവർണർ നിലപാടെടുത്തത്. യുഡിഎഫ് നിലപാടിനെ എതിർക്കുന്ന സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. സിപിഎമ്മും മുഖ്യമന്ത്രിയും ആദ്യം ആത്മാർഥത തെളിയിക്കട്ടെ. ഗവർണർക്കെതിരായ നിലപാട് എടുത്തതിന്റെ പേരിൽ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും വിമർശിക്കുന്ന സിപിഎം മന്ത്രിമാർ ആരോടൊപ്പമാണെന്നു വ്യക്തമാക്കണം.
ഇടതുമുന്നണിയുടെ മനുഷ്യ ശൃംഖലയുടെ ഭാഗമായതിനല്ല ലീഗ് നേതാവിനെതിരേ നടപടിയെടുത്തത്. യുഡിഎഫിന്റെ പ്രധാന നേതാക്കളാരും പങ്കെടുത്തിട്ടില്ല. ആരെങ്കിലും അതിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ അതു വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കണ്‍വീനർ പറഞ്ഞു.
യുഡിഎഫ് സമരത്തിൽ എൽഡിഎഫിനെ ക്ഷണിക്കുന്നില്ല: ബെന്നി ബഹനാൻ
12:20 AM Jan 29, 2020 | Deepika.com