കൊച്ചി: കൂടത്തായി ദ ഗെയിം ഓഫ് ഡെത്ത് എന്ന സീരിയല്‍ ഫ്ളവേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്നതു തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി. കൂടത്തായി കേസിലെ മുഖ്യസാക്ഷി ബാവ എന്ന മുഹമ്മദ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സീരിയല്‍ സംപ്രേഷണം ചെയ്ത കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാക്കുമെന്നും കോടതിയുടെ പരിഗണനയിലുള്ള കേസിലെ ഇടപെടലാണ് സീരിയല്‍ സംപ്രേഷണമെന്നും ആരോപിച്ചാണ് മുഹമ്മദ് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഈ സീരിയല്‍ യഥാര്‍ഥ സംഭവത്തെയോ കഥാപാത്രങ്ങളെയോ ഉള്പ്പെടുത്തിയുള്ളതല്ലെന്നും സമാനമായ വിഷയം മറ്റൊരു ചാനല്‍ സംപ്രേഷണം ചെയ്തിരുന്നെന്നും ഫ്ളവേഴ്സ് ചാനല്‍ മറുപടി നല്കി.
കൂടത്തായിയില്‍ ജോളി എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെയും ബന്ധുക്കളെയും സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസിന്റെ വസ്തുതകള്‍ ഉപയോഗിച്ചാണ് സീരിയല്‍ തയാറാക്കിയതെന്നും ഇതിന്റെ സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ടു മുഹമ്മദ് നല്കിയ ഹര്‍ജിയില്‍ സീരിയലിന്റെ സംപ്രേഷണം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
കൂടത്തായി സീരിയല്‍: ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
12:20 AM Jan 29, 2020 | Deepika.com