കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മെത്രാനായി നിയമിതനായ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണവും ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് രൂപതയുടെ ആദരവും ഫെബ്രുവരി മൂന്നിന് കാഞ്ഞിരപ്പള്ളിയില്‍. മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്കുന്ന ജനകീയ ആദരവ് മാര്‍ച്ച് ഒന്നിന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വിവിധ സാമൂഹ്യ, മത, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലുള്ളവരുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജില്‍ നടക്കും. മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണച്ചടങ്ങ് മൂന്നിന് രാവിലെ 10.30ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ ആരംഭിക്കും.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സഹകാര്‍മികനായിരിക്കും. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്‍കും.
രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിക്കുന്ന മാര്‍ മാത്യു അറയ്ക്കലിന് രൂപത കുടുംബത്തിന്റെ ആദരവ് കത്തീഡ്രല്‍ മഹാജൂബിലിഹാളില് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. രൂപതയുടെയും സഭയുടെയും വിവിധ തലങ്ങളിലുള്ളവര്‍ ആശംസകള്‍ നേരും.
മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണവും മാര്‍ മാത്യു അറയ്ക്കലിന് ആദരവും ഫെബ്രുവരി മൂന്നിന്
12:54 AM Jan 28, 2020 | Deepika.com