തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരേ പൊട്ടിത്തെറിച്ച കെ. മുരളീധരൻ എംപിയുടെ പരാമർശത്തെ തുടർന്നുള്ള വിവാദത്തിലമർന്ന് പുനഃസംഘടനയ്ക്കു ശേഷമുള്ള കെപിസിസി ഭാരവാഹികളുടെ ആദ്യയോഗം. കെപിസിസി മുൻ പ്രസിഡന്റുമാരെ യോഗത്തിലേക്കു ക്ഷണിക്കാതിരുന്നതും വിമർശനങ്ങൾക്കിടയാക്കി. മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനെ കെപിസിസി വൈസ് പ്രസിഡന്റാക്കിയ നടപടിക്കെതിരേയാണ് കെ. മുരളീധരൻ കഴിഞ്ഞ ദിവസങ്ങളിൽ പരസ്യ വിമർശനം ഉന്നയിച്ചത്.
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം മോഹൻ ശങ്കറിന്റെ നിയമനത്തെ പിന്തുണച്ചു പരസ്യമായി രംഗത്തെത്തിയിരുന്നു. മോഹൻശങ്കർ മുമ്പു ബിജെപി സ്ഥാനാർഥിയായതു ചൂണ്ടിക്കാട്ടിയായിരുന്നു മുരളിയുടെ വിമർശനം. എന്നാൽ, മോഹൻ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡൻഡ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ‘താമരക്കുന്പിളിൽ അല്ല മമ ഹൃദയമെന്നു’ മുരളീധരൻ മറുപടി നൽകി. ഇതിനു പിന്നാലെയാണ് ഇന്നലെ പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യയോഗം ചേർന്നത്. ഭാരവാഹികളുടെ യോഗത്തിലേക്ക് കെപിസിസി മുൻ പ്രസിഡന്റുമാരെ സാധാരണ ക്ഷണിക്കാറുണ്ടെങ്കിലും ഇന്നലെ അതുണ്ടായില്ല. യോഗത്തിൽ നടത്തിയ ആമുഖ പ്രസംഗത്തിൽ മുരളീധരന്റെ പേരു പരാമർശിക്കാതെ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു ശക്തമായ മറുപടിയാണ് മുല്ലപ്പള്ളി നൽകിയത്. ബിജെപിയും സിപിഎമ്മും സ്വന്തം പാർട്ടി വളർത്താനാണ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. എന്നാൽ കോണ്‍ഗ്രസുകാർ പാർട്ടി നേതാക്കളെ അതിലൂടെ അപമാനിക്കാനാണു നോക്കുന്നത്. ഇതിനും മാറ്റം ഉണ്ടാകണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. പാർട്ടി ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ഐക്യം വേണമെന്ന് ഭാരവാഹി യോഗത്തിൽ എ.കെ. ആന്റണി പറഞ്ഞെങ്കിലും വിവാദ വിഷയങ്ങളിലേക്കു കടന്നില്ല. കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാകണം. സംഘടനാപരമായി പാർട്ടി ഉൾക്കരുത്ത് നേടണം. അരൂർ ഉപതെരഞ്ഞെടുപ്പിലെ ചിട്ടയായ പ്രവർത്തനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അച്ചടക്കം വേണമെന്നു ചൂണ്ടിക്കാട്ടിയ കെ.സി. വേണുഗോപാൽ, ശബരിമല വിഷയമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിലെ ഉജ്വല വിജയത്തിനു കാരണമെന്നു പറഞ്ഞു. വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ മികവ് അടിസ്ഥാനമാക്കിയാകും പുതിയ ഭാരവാഹികളുടെ കഴിവ് വിലയിരുത്തുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ഭാരവാഹികളായ കെ. സുധാകരൻ, പത്മജ വേണുഗോപാൽ എന്നിവർ യോഗത്തിനെത്തിയില്ല.
കെപിസിസി ഭാരവാഹി പട്ടിക: കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരേ മുതിർന്ന നേതാക്കൾ
12:54 AM Jan 28, 2020 | Deepika.com