കോഴിക്കോട്: മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം സംബന്ധിച്ച് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നു. പറമ്പില്‍ ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടുത്തുള്ള കാടുമൂടിയ പ്രദേശത്തു കണ്ടെത്തിയ പുരുഷന്റെ മൃതദേഹം സംബന്ധിച്ചുള്ള അന്വേഷണമാണ് രണ്ടര വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് വീണ്ടും ആരംഭിച്ചത്.
ഐജി ജയരാജിന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം സംഭവസ്ഥലത്ത് ഇന്നലെ രാവിലെ പരിശോധന നടത്തി. അതേസമയം മരിച്ചയാളെക്കുറിച്ചു ചില സൂചനകള്‍ ലഭിച്ചതായാണു വിവരം.
ലോക്കല്‍ പോലീസ് മൂന്നു മാസം രാപകല്‍ അന്വേഷിച്ച് ഉത്തരം കിട്ടാതിരുന്ന കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയത്. 168 സെന്റിമിറ്റര്‍ പൊക്കവും എണ്‍പത് കിലോഗ്രാമിലധികം ഭാരവുമണ്ടായിരുന്ന മൃതദേഹം ആരുടേതാണെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ സാധിച്ചിരുന്നില്ല. മരിച്ചയാളുടെ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ വഴി തിരിച്ചറിയാനാവുമെന്നു കേസന്വേഷിച്ച ചേവായൂര്‍ പോലീസ് കരുതി. എന്നാല്‍, ആധാര്‍ വിവരങ്ങള്‍ നല്കാന് ആധാര്‍ ഡാറ്റാബാങ്ക് തയാറായില്ല. തുടര്‍ന്നാണ് 2018 ജനുവരിയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മൃതദേഹം കണ്ട സംഭവം; വീണ്ടും അന്വേഷിക്കുന്നു
01:13 AM Jan 26, 2020 | Deepika.com