മുണ്ടക്കയം: ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മുണ്ടക്കയം, കരിനിലം, കാരപ്ലാക്കല്‍ മനോജ് - ഷിജി ദമ്പതികളുടെ മകന് ശ്രീഹരി (ഹരികുട്ടന്-13) ആണ് മുണ്ടക്കയം, ചാച്ചിക്കവല പഞ്ചായത്തു വക ചെക്ക് ഡാമില്‍ മുങ്ങിമരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു സംഭവം.
മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. സ്പെഷല്‍ ക്ലാസ് കഴിഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു സ്കൂളില്‍നിന്നു വീട്ടിലേക്കു പോയ ശ്രീഹരിയും കൂട്ടുകാരും ചെക്ക് ഡാമില്‍ കുളിക്കാന്പോവുകയായിരുന്നു. കൂട്ടുകാരുമൊത്തു കുളിക്കുന്നതിനിടയില്‍ ചെക്ക് ഡാമിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു.
സഹപാഠികളും ആറ്റിലുണ്ടായിരുന്ന സ്ത്രികളും ബഹളം വച്ചതിനെത്തുടർന്നു സമീപവാസികള്‍ ഓടിയെത്തി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാർഥി ശ്രീനന്ദ് (കണ്ണന്) ഏക സഹോദരനാണ്.
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
12:25 AM Jan 25, 2020 | Deepika.com