കൊച്ചി: സാങ്കേതിക വിദ്യകളുടെ സമാനതകളില്ലാത്ത മുന്നേറ്റത്തിനാകും വരുംകാലം സാക്ഷ്യം വഹിക്കുകയെന്ന് സിലിക്കണ്‍ വാലിയിലെ ആൽഫ ഒറി ടെക്നോളജീസ് ചീഫ് ടെക്നോനോളജി ഓഫീസർ ബിജു നായർ.
സാങ്കേതിക വിദ്യാ ട്രെൻഡുകൾ 2020 എന്ന വിഷയത്തിൽ കെഎംഎ സംഘടിപ്പിച്ച സായാഹ്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യകളെയും ഡേറ്റകളെയും ആശ്രയിച്ചായിരിക്കും വരും കാലങ്ങളിൽ സമൂഹത്തിന്റെ മുന്നേറ്റം. ഓട്ടോമേഷനും നിർമിത ബുദ്ധിയുമായിരിക്കും ലോകത്തെ മാറ്റി മറിക്കുക. ഇതിൽനിന്ന് മാറി നിൽക്കുന്നവർ പരാജയത്തിന്റെ കയ്പ് അനുഭവിക്കേണ്ടി വരും.
സാങ്കേതിക വിദ്യകളാകും വരും കാലങ്ങളിൽ ബിസിനസുകളെ നയിക്കുക. സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താത്ത സംരംഭങ്ങൾ പരാജയപ്പെടും.
ഒരു ചെറിയ ബട്ടണിൽ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ കഴിയുന്ന കാലഘട്ടമാണ് നമുക്ക് മുന്നിലുള്ളത്. സാങ്കേതിക വിദ്യ മുന്നേറ്റത്തിലും നിർമിത ബുദ്ധിയുടെ ഉപയോഗത്തിലും രാജ്യം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. ഇന്റർനെറ്റ് സൗകര്യം പോലും പ്രയോജനപ്പെടുത്താത്തവർ ഇന്നും രാജ്യത്ത് ലക്ഷക്കണക്കിനുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വന്നാൽ മാത്രമേ സമഗ്ര പുരോഗതി സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. കെഎംഎ മുൻ പ്രസിഡന്റ് എസ്.ആർ. നായർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്മോഹൻ നായർ സ്വാഗതവും ഓണററി ജോയിന്റ് സെക്രട്ടറി ജോണ്സണ് മാത്യു നന്ദിയും പറഞ്ഞു.
സാങ്കേതിക വിദ്യാ ട്രെൻഡുകൾ: പ്രഭാഷണം സംഘടിപ്പിച്ചു
11:51 PM Jan 24, 2020 | Deepika.com