കൊച്ചി: കുട്ടികൾക്ക് മികച്ച കായിക പരിശീലനം നൽകാൻ ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് സിറ്റി വരുന്നു. എറണാകുളം കാക്കനാട് ഇൻഫോപാർക്കിലെ രണ്ടേക്കർ സ്ഥലത്താണ് സ്പോർട്സ് സിറ്റി പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ‘കാംപിയോനസ്’ എന്ന പേരിൽ ആരംഭിക്കുന്ന സ്പോർട്സ് സിറ്റിയുടെ ഉദ്ഘാടനം നാളെ നടക്കും.
ആദ്യഘട്ടത്തിൽ സെവൻസ് ഫുട്ബോൾ കളിക്കാവുന്ന സിന്തറ്റിക് ടർഫും റോളർ സ്കേറ്റിംഗ് ട്രാക്കും റോളർ ബോൾ കോർട്ടുമാണ് ഒരുക്കിയിക്കുന്നത്. രണ്ടാം ഘട്ടമായി ആറു മാസത്തിനുള്ളിൽ 10 ബാഡ്മിന്റൻ കോർട്ടുകളും വോളിബോൾ, ബാസ്കറ്റ്ബോൾ കോർട്ടുകളും ജിംനേഷ്യവും ആരംഭിക്കും. മൂന്നാംഘട്ടമായി മികച്ച നിലവാരത്തിലുള്ള ഹോക്കി ഗ്രൗണ്ടും ഒരുക്കുമെന്നു ശ്രീജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്പോർട്സ് സിറ്റിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് ബെന്നി ബെഹ്നാൻ എംപി നിർവഹിക്കും. കളക്ടർ എസ്.സുഹാസ് മുഖ്യാധിഥിയായാകും. ശ്രീജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.പി. സജീന്ദ്രൻ എംഎൽഎ, സി.എൻ. മോഹനൻ, ഐ.എം. വിജയൻ, ആഷിക് അബു, ജോബി മാത്യു, നിസാർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും. ശ്രീജേഷിനെക്കൂടാതെ എറണാകുളം സ്വദേശികളായ നിസാർ ഇബ്രാഹിം, എം.മുരളീധരൻ, സുരേഷ് ഗോപിനാഥൻ എന്നിവരാണു മറ്റു സംരംഭകർ. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സ്പോർട്സ് സിറ്റി സിഇഒ നിസാർ ഇബ്രാഹിമും പങ്കെടുത്തു.
കൊച്ചിയിൽ സ്പോർട്സ് സിറ്റി വരുന്നു
11:54 PM Jan 23, 2020 | Deepika.com