കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(യുഎസ്ഐ) 53 ാമത് ദേശീയ സമ്മേളനം (യുസിക്കോണ് 2020) കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ തുടക്കമായി. സീനിയർ യൂറോളജി പ്രഫസർ റോയ് ചാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. 3 ഡി ഇമേജിംഗ്, റോബോട്ടിക് സർജറികൾ, ലേസർ ചികിത്സകൾ, ലാപ്രോസ്കോപ്പിക് സാങ്കേതിക വിദ്യകൾ എന്നിവ യൂറോളജിക് ശസ്ത്രക്രിയ രംഗത്ത് നടത്തിയ സാങ്കേതിക മുന്നേറ്റങ്ങൾ വളരെ വലുതാണെന്നു പ്രഫ. റോയ് ചാലി പറഞ്ഞു.
അടിവയർ തുറന്നുള്ള യൂറോളജി ശസ്ത്രക്രിയകൾ ക്രമേണ ലാപ്രോസ്കോപ്പിക്, കീഹോൾ സർജറികൾക്ക് വഴിമാറി. റോബോട്ടിക് ഉപകരണങ്ങൾ മനുഷ്യന്റെ കൈകൾ പോലെ ആന്തരികമായി പ്രവർത്തിപ്പിച്ച് കൃത്യതയേറിയ ശസ്ത്രക്രിയകൾ സാധ്യമാക്കുന്ന യുഗത്തിലാണ് ഇന്നു നമ്മളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയുടെ വളർച്ച നിർവചിച്ചിരിക്കുന്നത് ഏറ്റവും നൂതനമായ മരുന്നുകളുടെയും ചികിത്സാ സങ്കേതിക വിദ്യകളുടെയും ലഭ്യത മാത്രമാവരുതെന്നു ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജോർജ് പി. ഏബ്രഹാം, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. കെ.വി. വിനോദ്, യുഎസ്ഐ പ്രസിഡന്റ് ഡോ. മധു എസ്. അഗർവാൾ, യുഎസ്ഐ സെക്രട്ടറി ഡോ. ടി.പി. രാജീവ് എന്നിവർ സംസാരിച്ചു.
പുതിയ ഇമേജിംഗ് സാങ്കേതിക വിദ്യകൾ, വൃക്കസംബന്ധമായ കാൻസറിലെ ഓപ്പറേഷൻ ഇല്ലാതെ നടത്തുന്ന ചികിത്സാ രീതികൾ, വൃക്ക നീക്കം ചെയ്യാതെ വൃക്കയിലെ കാൻസർ ചികിത്സിക്കുന്ന പ്രത്യേക ശസ്ത്രക്രിയാ സംവിധാനങ്ങൾ തുടങ്ങിയവ കോണ്ഫറസിൽ പഠന വിധേയമാവും. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമായി 2,500ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.
യൂറോളജിക്കൽ സൊസൈറ്റി ദേശീയ സമ്മേളനം തുടങ്ങി
11:44 PM Jan 23, 2020 | Deepika.com