കൊച്ചി: ആലുവ എടയാറില്നിന്നു മോഷ്ടാക്കള്‍ കടത്തിയ സ്വര്‍ണശേഖരത്തിലെ ഒരു കിലോ സ്വര്‍ണം എറണാകുളം ക്രൈംബ്രാഞ്ച് കണ്ടെടുത്തു. കേസിലെ പ്രതികളായ കാവാലം സ്വദേശി ദീപക്, മടക്കത്താനം സ്വദേശി അജ്മല്‍, തൊടുപുഴ സ്വദേശി ജമാല്‍ എന്നിവരുമായി കോട്ടയത്ത് നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെടുത്തത്.
2019 മേയ് ഒമ്പതിനായിരുന്നു എടയാറിലെ സിജിആര്‍ മെറ്റലോയ്സ് സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിന്റെ ഗേറ്റിന് മുന്നിലെത്തിയ വാഹനത്തില്‍നിന്ന് ബൈക്കിലെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്. ആറ് കോടിയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് സൂചന. കേസില്‍ അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്.
പഴയ സ്വര്‍ണം വ്യാപാരം ചെയ്യുന്ന കോട്ടയത്തെ സ്ഥാപനത്തില്‍ 1.6 കിലോ സ്വര്‍ണം വിറ്റുവെന്നു ദീപക് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിൽ ഒരു കിലോ സ്വര്‍ണമാണ് ഇന്നലെ കണ്ടെടുത്തത്. പ്രതികളുമായി ഇന്നു മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തും.
എടയാര്‍ മോഷണം: ഒരു കിലോ സ്വര്‍ണം കോട്ടയത്തുനിന്നു കണ്ടെടുത്തു
11:50 PM Jan 22, 2020 | Deepika.com