കൊച്ചി: അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സാ ഫണ്ട് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും വ്യാപക ഫണ്ടു പിരിവു നടത്താന്‍ തീരുമാനിച്ചതായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഹൈക്കോടതിയില്‍ അറിയിച്ചു. അപൂര്‍വ രോഗങ്ങള്‍ക്ക് മതിയായ ചികിത്സാ ധനസഹായം നല്കാന് നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ലൈസോമല് സ്റ്റോറേജ് ഡിസോര്‍ഡേഴ്സ് സപ്പോര്‍ട്ട് സൊസൈറ്റി നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ഫെബ്രുവരിയില്‍ കണ്ണൂര്‍ ജില്ലയില്‍ മാസ് ഫണ്ട് കാംപയിന് നടത്തുമെന്നും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ വീ കെയര്‍ പദ്ധതിയുടെ പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍ ഡോ. സുബി സുകുമാരന്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മജ്ജ, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ മാറ്റി വയ്ക്കുന്നതിനും ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍ക്കും ഹോര്‍മോണ്‍ ചികിത്സയ്ക്കുമൊക്കെയാണ് വീ കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്.
വന്‍ ചെലവു വരുന്ന ഇത്തരം ചികിത്സകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്നതിനാല്‍ കൂടുതല്‍ ഫണ്ട് അനിവാര്യമാണ്. കുറഞ്ഞത് 50 കോടി രൂപയെങ്കിലും സമാഹരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തികളില്‍ നിന്നും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും സെലിബ്രിറ്റികളില്‍നിന്നും സര്‍ക്കാര്‍ വകുപ്പുകളില്നിന്നുമൊക്കെ പിരിവെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫണ്ടിനായി ദേശീയ, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായവും തേടും.
കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മാസ് ഫണ്ട് പിരിവ് കാംപയിനിലൂടെ മൂന്നു കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അപൂര്‍വ രോഗബാധിതര്‍ക്ക് സഹായം നല്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഒരു കരട് നയമുണ്ടാക്കിയെങ്കിലും പിന്നീട് ഇതു മാറ്റി പുതിയതിനു രൂപം നല്‍കിയെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. അപൂര്‍വ രോഗം ബാധിച്ചവര്‍ക്ക് ഒറ്റത്തവണയായി 15 ലക്ഷം രൂപ മാത്രം നല്‍കുന്നതാണ് പുതിയ നയം. ഇതു മതിയാവില്ല. മാത്രമല്ല, എന്‍സൈം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് ഇതില്‍ പണം വകയിരുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ചികിത്സാ സഹായത്തിന്റെ സര്‍ക്കാര്‍ കണക്ക്
2018 -19ല്‍ ലഭിച്ച ആകെ തുക: 38.88 കോടി രൂപ. ഇതില്‍ മുന്‍ വര്‍ഷങ്ങളിലെ വിഹിതം: 23.24 കോടി രൂപ. ആകെ ചെലവിട്ടത്: 37.09 കോടി രൂപ. മിച്ചമുള്ളത്: 1.79 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ നല്‍കിയത് : 1.25 കോടി രൂപ. ലക്ഷ്യമിടുന്നത്: 50 കോടി രൂപ.
അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സാ ഫണ്ട്; എല്ലാ ജില്ലകളിലും ഫണ്ടു പിരിവ് നടത്തുമെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്
12:01 AM Jan 22, 2020 | Deepika.com