തൊടുപുഴ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (പിജിടിഎ) സംസ്ഥാനസമ്മേളനം 30, 31 ഫെബ്രുവരി ഒന്ന് തീയതികളിൽ പുനലൂർ കരവാളൂർ എഎംഎം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
30നു വൈകുന്നേരം നാലിന് മണ്മറഞ്ഞ നേതാക്കൾക്ക് ആദരവ് അർപ്പിക്കുന്ന ഗുരുപ്രണാമത്തോടുകൂടി സമ്മേളനം ആരംഭിക്കും. തുടർന്ന് സംസ്ഥാന കൗണ്‍സിൽ. 31നു രാവിലെ ഒന്പതിനു സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് പതാക ഉയർത്തും. തുടർന്ന് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം അധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കവി അനീഷ് അയിലറ മുഖ്യാതിഥിയായിരിക്കും. രാത്രി ഏഴിന് പൂർവകാല നേതാക്കളും സംസ്ഥാന കൗണ്‍സിൽ അംഗങ്ങളും തമ്മിൽ നടക്കുന്ന സംവാദം കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ ഉദ്ഘാടനം ചെയ്യും.
ഒന്നിനു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന വിദ്യാഭ്യാസ സെമിനാർ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. “ആധുനീക സമൂഹത്തിൽ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി’’ എന്ന വിഷയത്തെ അധികരിച്ച് ഡോ. സാബു കോട്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. 11നു വാർഷിക സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കൊല്ലം മേയർ ഹണി ബഞ്ചമിൻ വിശിഷ്ടാതിഥിയായിരിക്കും. ഫാ. സണ്ണി മാത്യു അനുഗ്രഹപ്രഭാഷണം നടത്തും. സുവനീർ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷിന് നൽകി പ്രകാശനം ചെയ്യും.
തുടർന്നു നടക്കുന്ന പ്രതിഭകളെ ആദരിക്കൽ സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥിയായിരിക്കും. തുടർന്നു 2020-21 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും.സമാപന സമ്മേളനം ജോസഫ് വാഴയ്ക്കൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത്, ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, ട്രഷറർ ഷബീർ, സ്വാഗത സംഘം ചെയർപേഴ്സണ്‍ രഞ്ജു സുരേഷ്, സ്വീകരണ കമ്മിറ്റി ചെയർമാൻ വി. രാജൻ എന്നിവർ നേതൃത്വം നൽകും.
പിജിടിഎ സംസ്ഥാന സമ്മേളനം പുനലൂരിൽ
11:37 PM Jan 21, 2020 | Deepika.com