തൊടുപുഴ: ന്യൂനപക്ഷങ്ങൾക്കു ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാൻ സർക്കാർ തുനിഞ്ഞാൽ അനുവദിച്ചു കൊടുക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ജോഷ്വ മാർ ഇഗ്നാത്തിയോസ്. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഇആർ പരിഷ്കരണത്തിലൂടെയും നിയമ നിർമാണത്തിലൂടെയും സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണു സർക്കാർ സ്വീകരിക്കുന്നത്. ചട്ടങ്ങൾ പാലിച്ചു നിയമനം നൽകിയ 3000ഒാളം അധ്യാപകർക്കു നാലു വർഷമായി ശന്പളം ലഭിക്കുന്നില്ല. ഫയലുകൾ മേശപ്പുറത്തു സൂക്ഷിക്കുകയല്ല വേണ്ടത്. മറിച്ചു ജോലി ചെയ്യുന്നവർക്കു ശന്പളം നൽകുകയാണ്. - അദ്ദേഹം പറഞ്ഞു.
മതമോ ജാതിയോ നോക്കാതെ ഏവരെയും സമഭാവനയോടെ കണ്ടു മികച്ച വിദ്യാഭ്യാസം നൽകുകയാണ് സഭ ചെയ്യുന്നതെന്നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണത്തിൽപറഞ്ഞു. എന്നാൽ, സർക്കാർ ഓരോ വർഷവും വിദ്യാഭ്യാസ നയങ്ങളിൽ മാറ്റം വരുത്തി ഈ മേഖലയിൽനിന്നു സഭയെ പുറത്താക്കാനാണു ശ്രമിക്കുന്നത്.
ഇതിനെതിരെ നിലകൊള്ളാൻ അധ്യാപകർക്കു കഴിയണം- മാർ താഴത്ത് പറഞ്ഞു. യോഗത്തിൽ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് അഞ്ചിനു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാവി തലമുറയെ നന്മയിലേക്കു നയിക്കാൻ ദൈവത്തിൽ അടിയുറച്ച വിശ്വാസവും സഭയോടു ചേർന്നുള്ള പ്രവർത്തനവും അധ്യാപകർക്കു വേണമെന്നു മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു. പി.ജെ.ജോസഫ് എംഎൽഎ, മോണ്‍. വർക്കി ആറ്റുപുറത്ത്, ഫാ.ജോസ് കരിവേലിക്കൽ എന്നിവർ പ്രസംഗിച്ചു. കോതമംഗലം രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ.ഡോ.സ്റ്റാൻലി കുന്നേൽ സ്വാഗതവും സംഘടന സംസ്ഥാന ട്രഷറർ ജോസ് ആന്റണി നന്ദിയും പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ വിഷയാവതരണം നടത്തി. കോതമംഗലം രൂപത പ്രസിഡന്റ് സജി മാത്യു പ്രമേയം അവതരിപ്പിച്ചു. അവാർഡുകളും യോഗത്തിൽ വിതരണം ചെയ്തു. മികച്ച രൂപത ഘടകത്തിനുള്ള അവാർഡ് തലശേരി അതിരൂപതയ്ക്കു ലഭിച്ചു. മികച്ച അധ്യാപകരായി എച്ച്എസ്എസ് വിഭാഗത്തിൽ തേർത്തല്ലി മേരിഗിരിയിലെ സക്കറിയാസ് ഏബ്രഹാം, എച്ച്എസ് വിഭാഗത്തിൽ പാറശാല നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ജിഎച്ച്എസ് ഹെഡ്മിസ്ട്രസ് ടി.ജെ.ലിസമ്മ, യുപി വിഭാഗത്തിൽ മാവേലിക്കര പള്ളിക്കൽ ഈസ്റ്റ് സെന്റ് ജോണ്‍സ് എസ്എംവിയുപിഎസ് ഹെഡ്മാസ്റ്റർ വർഗീസ് തോമസ്, എൽപി വിഭാഗത്തിൽ കോട്ടപ്പുറം കടൽവാതുരുത്ത് ഹോളിക്രോസ് എൽപിഎസ് ഹെഡ്മിസ്ട്രസ് കെ.എ.റീന എന്നിവർ അർഹരായി. സമ്മേളനത്തിനു മുന്നോടിയായി സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽനിന്നു സമ്മേളന വേദിയായ ന്യൂമാൻ കോളജിലേക്ക് നടത്തിയ റാലി ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ ഫ്ളാഗ് ഓഫ് ചെയ്തു. 32 രൂപതകളിൽനിന്നുള്ള അധ്യാപകർ റാലിയിൽ അണിനിരന്നു.
ന്യൂനപക്ഷ അവകാശങ്ങൾ കവരാൻ അനുവദിക്കില്ല: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
12:41 AM Jan 19, 2020 | Deepika.com