കോട്ടയം: എൻടിഎ നടത്തിയ ജെഇഇ മെയിൻ പരീക്ഷയിൽ പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ഉന്നതവിജയം നേടി. ജെഇഇ മെയിൻ പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമതെത്തിയത് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥി അദ്വൈത് ദീപക്കാണ്. 99.9737696 പേർസന്റൈൽ സ്കോർ നേടിയാണ് അദ്വൈത് ഈ നേട്ടം കൈവരിച്ചത്.
കോഴിക്കോട് ജില്ലയിൽ ആർദ്രം വീട്ടിൽ ഡോക്ടർ ദന്പതികളായ ഫിജിൽ ദീപക്കിന്റെയും- ദർശന ബാലകൃഷ്ണന്റെയും മകനാണ് അദ്വൈത്. ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടു വർഷമായി ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടിവരികയാണ്. യുവപ്രതിഭകൾക്കായി ദേശീയതലത്തിൽ നടത്തുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിഐ) പരീക്ഷയിലും അദ്വൈത് മികച്ച വിജയം നേടിയിരുന്നു. കോഴിക്കോട് സ്വദേശിയായ അദ്വൈത് ഐഐടി പ്രവേശന പരിശീലനം ലക്ഷ്യമാക്കിയാണ് അവിടെനിന്നു ചങ്ങനാശേരിയിലേക്കു പഠനം മാറ്റിയത്. മദ്രാസ് ഐഐടിയിൽ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിക്കാനാണ് അദ്വൈതിന്റെ ആഗ്രഹം.
ക്ലാസുള്ള ദിവസങ്ങളിൽ ഏഴു മണിക്കൂറും ക്ലാസില്ലാത്ത ദിവസങ്ങളിൽ 15 മണിക്കൂറുമാണ് അദ്വൈത് പഠനത്തിനായി നീക്കിവച്ചത്. രണ്ടുവർഷത്തിനിടെ നിരവധി മോഡൽ പരീക്ഷകൾ എഴുതിയതുമൂലം പരീക്ഷാസമയം കൃത്യമായി വിനിയോഗിക്കാനും സംശയങ്ങൾ തീർക്കാനും ഉത്തരങ്ങൾ ചെയ്യാനുള്ള വേഗം ലഭിക്കാനും സഹായകമായി. മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിനു പിന്നിലെന്ന് അദ്വൈത് പറഞ്ഞു. സഹോദരി അവന്തിക ദീപക് കോഴിക്കോട് ദേവഗിരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ആദിത്യ ബൈജു, കെ.എസ്. വരുൺ, ബിജോ ജോൺ, മിഥുൻ ചന്ദ്രശേഖർ, ഇബ്രാഹിം സുഹൈൽ ഹാരിസ്, എ. അഭിജിത്ത് എന്നിവർ 99.9 പെർസെന്റൈൽ സ്കോർ നേടി.
99 പെർസെന്റൈലിന് മുകളിൽ 114 വിദ്യാർഥികളെ എത്തിക്കാൻ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന് കഴിഞ്ഞു. 98 പെർസെന്റൈലിനു മുകളിൽ പാലാ ബ്രില്യന്റിൽനിന്നു 253 കുട്ടികളാണുള്ളത്. 97 പെർസെന്റൈൽ സ്കോറിനു മുകളിൽ 398 കുട്ടികളും 96 പെർസെന്റൈലിനു മുകളിൽ 574 വിദ്യാർഥികളും 95 പെർസെന്റൈലിനു മുകളിൽ 643 വിദ്യാർഥികളും ഉണ്ട്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽനിന്നു ലഭിച്ച തീവ്രപരിശീലനവും ജെഇഇ മെയിൻ പരീക്ഷയുടെ അതേ മാതൃകയിലുള്ള മോക് ടെസ്റ്റുകളുമാണ് തങ്ങളുടെ വിജയമന്ത്രമെന്ന് വിദ്യാർഥികൾ പറഞ്ഞു.
480ൽ അധികം അധ്യാപകരുൾപ്പെടെ 700ൽപ്പരം ജീവനക്കാർ ജോലിചെയ്യുന്ന ബ്രില്യന്റ് സ്റ്റഡി സെന്റർ ഇന്ത്യയിലെ മികച്ച പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. അധ്യാപന മികവും വിപുലമായ ലൈബ്രറി സൗകര്യവുമാണ് ബ്രില്യന്റിൽ പരിശീലനം നേടുന്ന വിദ്യാർഥികൾക്കു തുണയാകുന്നത്.
ബ്രില്യന്റ് സ്റ്റഡി സെന്റർ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അർഹമായ സഹായം നൽകുന്നുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകരണമാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ നേട്ടത്തിനു കാരണമെന്ന് മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു പറഞ്ഞു.
ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ബി.സന്തോഷ്കുമാർ, അധ്യാപകർ എന്നിവർ അനുമോദിച്ചു.
ജെഇഇ മെയിൻ പരീക്ഷയിൽ മിന്നിത്തിളങ്ങി പാലാ ബ്രില്യന്റ്
12:15 AM Jan 19, 2020 | Deepika.com