അങ്കമാലി: സർക്കാരിന്റെ ജനദ്രോഹ മദ്യനയങ്ങളിൽ പ്രതിഷേധിച്ചു കെസിബിസി മദ്യവിരുദ്ധസമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിൽ 21ന് അങ്കമാലി റയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ വായ് മൂടികെട്ടി നില്പുസമരം നടത്തുമെന്നു പ്രോഗ്രാം കൺവീനർമാരായ കെ. എ. പൗലോസ്, ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെയാണു നില്പുസമരം.
ജനഹിതം മാനിക്കാതെ മദ്യമുതലാളിമാരുടെ നിർദേശപ്രകാരം ഡ്രൈഡെ പിൻവലിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. എല്ലാ തിന്മകൾക്കും കാരണം മദ്യവും ലഹരിവസ്തുക്കളും ആണെന്നു പരസ്യം നൽകുന്ന സർക്കാർ തന്നെയാണ് ഒരുഭാഗത്തു മദ്യം വ്യാപകമാക്കുന്നത്.
മദ്യലഭ്യത ഘട്ടംഘട്ടമായി കുറച്ചു സംസ്ഥാനത്തു സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യവും സമരത്തിൽ ഉന്നയിക്കും.ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ സമരം ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും. റോജി എം. ജോൺ എംഎൽഎ മുഖ്യസന്ദേശം നൽകും.
ജനദ്രോഹ മദ്യനയത്തിനെതിരേ വായ് മൂടി നിൽപുസമരം 21ന്
12:07 AM Jan 19, 2020 | Deepika.com