തിരുവനന്തപുരം: കടുത്ത ട്രഷറി നിയന്ത്രണത്തിനു നേരിയ ഇളവ്. അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനമന്ത്രി നിർദ്ദേശം നൽകി. ഇതിനായി 700 കോടി അനുവദിച്ചു. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾക്കാണ്. വിവിധ വകുപ്പുകളുടെ ബില്ലുകൾ മാറാൻ 200 കോടിയും നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ സമർപ്പിച്ച ബില്ലുകൾ മാറുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
അഞ്ചു ലക്ഷത്തിനു മുകളിലുള്ള കരാറുകാരുടെ ബില്ലുകളും സാധനങ്ങൾ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെഎഫ്സിയും വഴി ഡിസ്കൌണ്ട് ചെയ്ത് നൽകുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഈ രീതി തെരഞ്ഞെടുക്കുന്നവർക്ക് ഉടൻ പണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താനും നിർദേശം നൽകി.
വായ്പാപരിധി ഉയർത്തുന്നതിനും കുടിശികയുള്ള കേന്ദ്രവിഹിതം ലഭിക്കാനുമുള്ള ശ്രമം തുടരുകയാണെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. തീരുമാനം തിരുത്തി നമുക്ക് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണത്തിൽ നേരിയ ഇളവ്; അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ ട്രഷറിയിൽ മാറും
12:46 AM Jan 18, 2020 | Deepika.com