ചങ്ങനാശേരി: മൗലികവാദവും ഭീകരവാദവും ന്യൂനപക്ഷ മതങ്ങളുടെ പേരിലായാലും ഭൂരിപക്ഷ മതത്തിന്റെ പേരിലായാലും അത്യന്തം അപകടകരവും എതിർക്കപ്പെടേണ്ടതും ആണെന്നു ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ്-ജാഗ്രതാ സമിതി.
മതങ്ങളുടെ യഥാർഥ അന്തഃസത്ത വിസ്മരിച്ച് മതങ്ങളെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണതയും മതത്തിന്റെ പേരിൽ സമൂഹത്തിൽ വേർതിരിവുകൾ സൃഷ്ടിക്കുന്ന നിലപാടുകളും ആഗോളതലത്തിലും ഭാരതത്തിലും വർധിച്ചുവരുന്നതു തികച്ചും അപലപനീയമാണ്. സമൂഹത്തിൽ സ്പർധ വളർത്തുന്ന എല്ലാ നീക്കങ്ങളിൽ നിന്നും വിധ്വംസക പ്രവർത്തനങ്ങളിൽ നിന്നും ഇത്തരം സംഘടനകളും പ്രസ്ഥാനങ്ങളും പിന്തിരിയണമെന്ന് സമിതി ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങൾ വർധിച്ചു വരുന്നതിലും ലൗ ജിഹാദ് പോലെയുള്ള പ്രവണതകളിലും യോഗം കടുത്ത ആശങ്ക രേഖപ്പെടുത്തി. അതിരൂപത കേന്ദ്രത്തിൽ പിആർഒ അഡ്വ. ജോജി ചിറയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. ജോർജ് വർഗീസ് വിഷയാവതരണം നടത്തി ഡോ. ഡോമിനിക് ജോസഫ്, പി.എ. കുര്യച്ചൻ, അഡ്വ. പി.പി. ജോസഫ്, ടോം അറയ്ക്കപ്പറമ്പിൽ, കെ.വി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാ മത ഭീകരവാദങ്ങളും എതിർക്കപ്പെടേണ്ടത്: ജാഗ്രതാസമിതി
11:56 PM Jan 17, 2020 | Deepika.com