തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കായി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരേ പൊതുഭരണ വകുപ്പ്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ അവധി എടുക്കാൻ അനുവദിക്കരുതെന്ന് പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിൽ മാത്രം ഇതുവരെ അൻപത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി അവധി നൽകിയിരിക്കുന്നത്. ഇത്രയധികം പേർ അവധിയെടുക്കുന്നത് സെക്രട്ടേറിയറ്റ് പ്രവർത്തനത്തെ ബാധിക്കുമെന്നും ബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കൂട്ട അവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ ശിപാർശയിൽ പൊതുഭരണ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ജോലിയിൽ ഇരുന്നുകൊണ്ട് മറ്റൊരു ജോലിക്കുവേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥനു പരീക്ഷയ്ക്കുവേണ്ടി പഠിക്കണമെങ്കിൽ ജോലി രാജിവച്ചു പഠിക്കാം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവർ ചെയ്യുന്നതെന്നും മുഖ്യമന്ത്രിക്കു നൽകിയ ശിപാർശയിൽ പൊതുഭരണ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
കെഎഎസ് പരീക്ഷ: ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരേ വകുപ്പ്
01:01 AM Jan 17, 2020 | Deepika.com