ഏറ്റുമാനൂർ: കുളം വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി തലയടിച്ചു വീണ യുവാവ് മരിച്ചു. ഏറ്റുമാനൂർ നൂറ്റൊന്ന് കവലയ്ക്കു സമീപം നെല്ലിക്കാ തടത്തിൽ ജിസിൻ ജോസഫാണ് (33) മരിച്ചത്. ചെറുവാണ്ടൂർ വായനശാലാപടിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നാണു സംഭവം.
രാവിലെ സ്വകാര്യ വ്യക്തിയുടെ കുളം വൃത്തിയാക്കാനെത്തിയതായിരുന്നു ജിസിനും രണ്ട് സുഹൃത്തുക്കളും. എന്നാൽ, അടുത്ത ബന്ധു ആശുപത്രിയിലാണന്നറിഞ്ഞു തിരിച്ചു പോയി. പിന്നീടു കുറെ സമയം കഴിഞ്ഞ് തിരിച്ചെത്തി കുളത്തിനു മുകളിൽ വല കെട്ടുന്ന സുഹൃത്തുക്കളെ സഹായിക്കുന്നതിനിടയിൽ കാൽവഴുതി കുളത്തിലേക്കു തലയിടിച്ചു വീഴുകയായിരുന്നു.
കുളത്തിനുള്ളിലെ കൽക്കെട്ടിൽ തലയിടിച്ചു വീണ ജിസിനെ നാട്ടുകാർ ചേർന്നു ഗോവണി ഉപയോഗിച്ചു പുറത്തെത്തിച്ചു. തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: അനുമോൾ ജെയിംസ് ആർപ്പുക്കര വല്യാട് കൊല്ലം പറന്പിൽ കുടുംബാംഗം. സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയിൽ.
കുളം വൃത്തിയാക്കുന്നതിനിടെ തെന്നിവീണു യുവാവ് മരിച്ചു
11:48 PM Jan 16, 2020 | Deepika.com