തിരുവനന്തപുരം: പോലീസിന്റെ ശ്വാനസേനയിലേക്ക് ഇന്നു പുതുതായി 20 പട്ടിക്കുട്ടികൾ കൂടി എത്തും. സേവനകാലാവധി പൂർത്തിയാക്കിയ 12 നായ്ക്കൾ ഇന്ന് വിരമിക്കും. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളിൽ നിന്നായി 20 പുതിയ പട്ടിക്കുട്ടികൾ എത്തുന്നത്. പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥി ആയിരിക്കും.
ബെൽജിയം മലിനോയ്സ്, ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളിൽ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തിൽ ചേരുന്നത്. ഇവയിൽ മൂന്നെണ്ണത്തെ പൊതുജനം ദാനം ചെയ്തതാണ്. രക്ഷാപ്രവർത്തനത്തിനും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുമായി ട്രാക്കർ, സ്നിഫർ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നൽകുന്നത്.
മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും കാണാതായ ആൾക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നൽകും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുന്നതിനും പരിശീലിപ്പിക്കും. ഈ ലക്ഷ്യം മുൻനിർത്തി ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളിൽ നിന്നാണ് പട്ടിക്കുട്ടികളെ തെരഞ്ഞെടുത്തത്.
സേവന കാലാവധി പൂർത്തിയാക്കുന്ന 12 പോലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരള പോലീസ് അക്കാഡമിയിൽ വിശ്രാന്തി എന്ന പേരിൽ റിട്ടയർമെന്റ് ഹോം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുൻകൈയെടുത്തു നിർമിച്ച ഈ റിട്ടയർമെന്റ് ഹോമിൽ നായ്ക്കൾക്ക് കളിക്കാനായി പ്രത്യേക മുറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.
20 നായ്ക്കുട്ടികൾ കേരള പോലീസ് ശ്വാനസേനയിലേക്ക്
01:18 AM Dec 16, 2019 | Deepika.com