കണ്ണൂർ: വിധവാപെൻഷൻ വാങ്ങുന്നതിൽനിന്ന് അനർഹരെ ഒഴിവാക്കാൻ നടപടികളുമായി സർക്കാർ. നിയമപരമായി വിവാഹ മോചനം നേടിയവരെ വിധവയായി കണക്കാക്കാനാകില്ലന്നാണ് ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി ബി. പ്രദീപ് കുമാർ ഇറക്കിയ ഉത്തരവിലുള്ളത്. നിലവിൽ ഈ പെൻഷൻ വാങ്ങുന്നവർക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. റവന്യു അധികാരികൾ നല്കുന്ന വിധവാസർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.
ഭർത്താവ് മരിച്ചവർക്കും ഏഴു വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലെന്ന പരാതി സംബന്ധിച്ച് റവന്യു അധികാരികൾ നല്കുന്ന വിധവാ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും മാത്രമേ ഇനി പുതിയ ഉത്തരവ് പ്രകാരം വിധവാ പെൻഷൻ ലഭിക്കൂ.
വിധവാ പെൻഷൻ അനുവദിക്കുന്ന അവസരത്തിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് നമ്പർ, തീയതി, സർട്ടിഫിക്കറ്റ് നല്കിയ പ്രാദേശിക സർക്കാർ എന്നിവ രേഖപ്പെടുത്തി നല്കണമെന്നും നിർദേശമുണ്ട്.
ഏഴുവർഷമായി ഭർത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തിൽ റവന്യു അധികാരികൾ നല്കുന്ന സർട്ടിഫിക്കറ്റിന്റെ നമ്പർ, തീയതി, ഓഫീസ് എന്നിവ രേഖപ്പെടുത്തി വേണം അപേക്ഷിക്കേണ്ടത്.
വിധവാപെൻഷൻ അനർഹരെ ഒഴിവാക്കും
01:18 AM Dec 16, 2019 | Deepika.com