കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊല കേസന്വേഷണത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച്, ടോം തോമസും ഭാര്യ അന്നമ്മയും മകൻ റോയിയും മരിച്ച പൊന്നാമറ്റം വീടും പരിസരവും പോലീസ് കാമറയിൽ പകർത്തി. ഡ്രോൺ ഉപയോഗിച്ചാണ് വിശദമായ ചിത്രം പകർത്തിയത്.
കേരളത്തിൽ ആദ്യമായാണ് കേസന്വേഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ കുറ്റമറ്റ രീതിയിൽ ചിത്രങ്ങൾ കാമറയിൽ പകർത്തിയത്. റൂറൽ എസ്പി കെ.ജി. സൈമണിന്റെ നിർദേശപ്രകാരം പൊന്നാമറ്റം വീട്, കൂടത്തായി ടൗൺ, മാത്യു മഞ്ചാടിയുടെ വീട് തുടങ്ങി കേസിലുൾപ്പെട്ട മുഴുവൻ പ്രദേശങ്ങളുടെയും വിശദമായ ആകാശ ദൃശ്യങ്ങൾ പകർത്തിയത് കൃത്യമായ ലോക്കേഷൻ മാപ്പ് കിട്ടാനാണ്.
കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ്, എസ്ഐ പി.പി. മോഹനകൃഷ്ണൻ, സിപിഒ സിഞ്ചുദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊയിലാണ്ടിസ്വദേശി ബൈജു എം. പീസാസാണ് ഇവ ചിത്രീകരിച്ചത്.
കോടതിയിൽ വീഡിയോ ജഡ്ജിക്ക് നേരിട്ട് കാണാനാവുമെന്നതിനാൽ സ്ഥലം കാണാനും, ലൊക്കേഷൻ മാപ്പിനും പ്രത്യേകം കമ്മീഷനെ കോടതിക്ക് വയ്ക്കേണ്ടി വന്നേക്കില്ല.
കൂടത്തായി കേസ്: വീടും പരിസരവും കാമറയിൽ പകർത്തി
01:18 AM Dec 16, 2019 | Deepika.com