നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.75 കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷെറീഫിന്റെ പക്കല്‍ നിന്ന് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 995 ഗ്രാം സ്വര്‍ണവും മലപ്പുറം സ്വദേശി ഉമ്മര്‍ ഫാറൂഖിന്റെ ലഗേജില്‍ നിന്ന് 796.900 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
സ്പീക്കറിനകത്ത് കടത്തിയ സ്വര്‍ണം റീചാര്‍ജബിള്‍ ബാറ്ററിയില്‍ ഷീറ്റ് രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണം അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു.സംശയം തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം സ്പീക്കര്‍ തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നാണ് മുഹമ്മദ് ഷെറീഫ് എത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 38 ലക്ഷം രൂപ വിലവരും.
സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ സൗദിയില്‍ നിന്നെത്തിയ ഉമ്മര്‍ ഫാറൂഖ് റീചാര്‍ജബിള്‍ ഫാനിന്റെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്നു റീചാര്ജബിള്ഫാനുകളിലായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കണ്ടെത്തിയതിനെതുടര്‍ന്നു കസ്റ്റംസ് യാത്രക്കാരനെ വിളിച്ചു വരുത്തി അറസ്റ്റുചെയ്തു. പിടികൂടിയ സ്വര്‍ണത്തിന് 30 ലക്ഷത്തോളം രൂപ വില വരും.
വിമാനത്താവളത്തില്‍ 1.75 കിലോ സ്വര്‍ണം പിടിച്ചു
01:04 AM Dec 16, 2019 | Deepika.com