കോട്ടയം: മനുഷ്യസ്നേഹമാണ് എഴുത്തിന്റെ കേന്ദ്രബിന്ദുവെന്ന് ജ്ഞാനപീഠം സമ്മാനജേതാവ് അക്കിത്തത്തെ ഉദ്ധരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്.
മുതിർന്ന പത്രപ്രവർത്തകൻ മരിയൻ ജോർജ് രചിച്ച് സേവ്യർ കാവാലം റിഡിസ്കവർ കേരളയ്ക്കുവേണ്ടി പ്രസാധനം ചെയ്ത ‘വീഴുന്ന യുവതയ്ക്കായ് നീട്ടാം രക്ഷാകരം’ എന്ന പുസ്തകം പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരു സൂചിപ്പിക്കുന്നതുപോലെ യുവജനങ്ങളെക്കുറിച്ചുള്ള മനുഷ്യസ്നേഹപരമായ കരുതലാണു പുസ്തകത്തിന്റെ കേന്ദ്രബിന്ദു എന്നും ഗ്രന്ഥകർത്താവിന്റെയും പ്രസാധകന്റെയും കൂട്ടായ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെങ്ങണ ഗുഡ്ഷെപ്പേഡ് പബ്ലിക് സ്കൂൾ മാനേജർ ഡോ. റൂബിൾ രാജിനൊപ്പം വിവിധ കോളജുകളിലെ ചെയർപേഴ്സൺമാരായ അഞ്ജന എസ്. പിള്ള (അമലഗിരി ബികെ), സി.പി. അഭിജിത് (നാട്ടകം ഗവൺമെന്റ്), എ.എസ്. ആദിത്യൻ (മാന്നാനം കെഇ), ആഷ്ലി ജോസ് (ചങ്ങനാശേരി അസംപ്ഷൻ), കൃഷ്ണ സന്തോഷ് (സിഎംഎസ്), മെറിൻ പോൾ (ബിസിഎം), ജിസ്റ്റി ജോസഫ് (മൗണ്ട് കാർമൽ ബിഎഡ്) എന്നിവരും ചേർന്നു പുസ്തകം സ്വീകരിച്ചു. ഡോ.റൂബിൾ രാജ്, സേവ്യർ കാവാലം, മെറിൻ പോൾ, എ.എസ്. ആദിത്യൻ എന്നിവർ പ്രസംഗിച്ചു.
മനുഷ്യസ്നേഹം എഴുത്തിന്റെ കേന്ദ്രബിന്ദു: ജസ്റ്റീസ് ആന്റണി ഡൊമിനിക്
01:04 AM Dec 16, 2019 | Deepika.com