വൈക്കം: പനിയും ശ്വാസതടസവും മൂലം ചികിത്സയിലായിരുന്ന 56 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. ചെന്പ് മത്തുങ്കൽ വാക്കശേരി കൊച്ചുപറന്പിൽ രഞ്ജിത്തിന്റെയും സ്വാതിയുടെയും മകളാണ് മരിച്ചത്.
കഴിഞ്ഞ ദിവസം നിലയ്ക്കാതെ കരഞ്ഞു അസ്വസ്ഥത കാട്ടിയ കുഞ്ഞിനെ വൈക്കത്തുള്ള ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങിയെങ്കിലും അസുഖത്തിനു ശമനമുണ്ടായില്ല. തുടർന്ന് ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ ഇവിടെ കിടക്കുന്നതിനിടയിൽ കുഞ്ഞിന്റെ പേരിടീൽ നിശ്ചയിച്ചിരുന്നതിനാൽ ശിശു രോഗവിദഗ്ധനെ ചടങ്ങു കഴിഞ്ഞു കാണിക്കാമെന്ന ധാരണയിൽ മാതാപിതാക്കൾ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി.
ഇന്നലെ ചടങ്ങു നടക്കുന്നതിനിടയിൽ രോഗം മൂർച്ഛിച്ചതിനെത്തുടർന്നു കുഞ്ഞിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു ഡോക്ടറുടെ നിർദേശപ്രകാരം ഉടൻ കോട്ടയം ഐസിഎച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പനി: നവജാതശിശു മരിച്ചു
01:04 AM Dec 16, 2019 | Deepika.com