രാജാക്കാട്: രാജാക്കാട് ടൗണിന് സമീപം ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. മുല്ലക്കാനം പാണ്ടിപ്പാറ പാറപ്ലാക്കൽ മോഹനന്റെ മകൻ മനു (31)ആണ് മരിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ കാര്യമായ പരിക്കുകൾ ഇല്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. നാലു പേരുമായി എൻ ആർ സിറ്റി ജംഗ്ഷനിൽ നിന്നും വാക്കാസിറ്റി റൂട്ടിൽ പോകുകയായിരുന്ന പെട്ടി ഓട്ടോറിക്ഷ ബിവ്കോ ഒൗട് ലെറ്റിന് എതിർവശത്തുള്ള കുത്തിറക്കത്തിലെ കൊടുംവളവിൽ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിൻഭാഗത്തുള്ള പെട്ടിയിൽ നിൽക്കുകയായിരുന്ന മനു റോഡിലേക്ക് തെറിച്ചു വീഴുകയും ഓട്ടോറിക്ഷയുടെ അടിയിൽ അകപ്പെട്ടുപോകുകയുമായിരുന്നു.
വാഹനം മറിയുന്ന വലിയ ശബ്ദം കേട്ട് ഓടിയെത്തിയവർ ഉടൻ ഇയാളെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: വിമല. സഹോദരി: ശാലിനി.
ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
01:04 AM Dec 16, 2019 | Deepika.com