കോട്ടയം: ആവശ്യ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് എറണാകുളം മറൈൻ ഡ്രൈവിൽ സമരജ്വാല നടത്തും.
സവാള, മുരിങ്ങക്കായ ഉൾപ്പെടെയുള്ള പച്ചക്കറികളുടെയും ഉഴുന്ന്, അരി മുതലായ പലവ്യഞ്ജനങ്ങളുടെയും പ്രതിദിനമുണ്ടാകുന്ന വിലക്കയറ്റവും വിപണിയിലെ പ്രതിമാസ വിലക്കയറ്റവും കാറ്ററിംഗ് മേഖലയെ തകർക്കുകയാണെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ആരോപിച്ചു.
വിലക്കയറ്റം മാസങ്ങൾക്കു മുൻപ് എടുത്ത ഓർഡറുകളെ ബാധിക്കുന്നു. കേറ്ററേഴ്സിനു വലിയ സാന്പത്തിക നഷ്ടമുണ്ടാകുന്നു. കാറ്ററിംഗ് മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സാഹചര്യമുള്ളപ്പോൾ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്നും ഈ സാഹചര്യം തുടർന്നാൽ പണിമുടക്കിലേക്കു പോകേണ്ടിവരുമെന്നും എകെസിഎ പറഞ്ഞു. സമരജ്വാല ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്യും.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കേറ്ററേഴ്സിനെ തടയുക, വിലക്കയറ്റം നിയന്ത്രിക്കുക, കോറ്ററിംഗ് മേഖലയ്ക്കു നിലവിലുള്ള അഞ്ചു ശതമാനം ജിഎസ്ടി ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ വിഷയങ്ങൾ ഉയർത്തിയാണു പ്രതിഷേധ സമരജ്വാല. പത്രസമ്മേളനത്തിൽ രക്ഷാധികാരി ഏലിയാസ് സക്കറിയ, സജി ജേക്കബ്, ജോസ് ഫിലിപ്പ്, രജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
വിലക്കയറ്റം: സമരജ്വാലയുമായി കേറ്ററേഴ്സ് അസോ.
12:00 AM Dec 15, 2019 | Deepika.com