കൊച്ചി: വയനാട് ബത്തേരിയില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലെ പ്രതികളായ അധ്യാപകരുടെയും ചികിത്സിച്ച ഡോക്ടറുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 18ലേക്കു മാറ്റി. ഹര്‍ജി പരിഗണിക്കവേ കേസിലെ പ്രതിയും സര്‍വജന ഹൈസ്കൂള്‍ അധ്യാപകനുമായ സി.വി. ഷജിലിന്റെ ഭാഗത്തുനിന്നു കൃത്യനിര്‍വഹണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നു കോടതി ചോദിച്ചു. ഷജില്‍ വിദ്യാര്‍ഥിനിയുടെ ക്ലാസ് ടീച്ചറല്ല. അപകടം നടന്നെന്ന് അറിഞ്ഞപ്പോള്‍ സ്ഥലത്ത് എത്തിയതാവാമെന്നും കോടതി ചൂണ്ടിക്കാട്ടി.
പാമ്പു കടിയാണ് മരണകാരണമെന്നതിനു ശാസ്ത്രീയ റിപ്പോര്‍ട്ട് ഉണ്ടോയെന്നും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.
ഷഹ്ല ഷെറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവിടെ എത്ര ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു, വേണ്ടത്ര ആന്റിവെനം ഉണ്ടായിരുന്നോ, ഡോക്ടര്‍ക്ക് ഇവ നേരിട്ട് ഉപയോഗിക്കാനാവുമായിരുന്നോ, ആന്റിവെനം ഉപയോഗിച്ച് പാര്‍ശ്വഫലം ഉണ്ടായാല്‍ ചികിത്സിക്കാന്‍ വേണ്ട സൗകര്യമുണ്ടായിരുന്നോ, ചികിത്സ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു വിദഗ്ധാഭിപ്രായം തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വിശദീകരണം നല്‍കണമെന്നു കോടതി പറഞ്ഞു.
പാമ്പു കടിയേറ്റു മരണം: ജാമ്യാപേക്ഷ മാറ്റി
12:17 AM Dec 13, 2019 | Deepika.com