തിരുവനന്തപുരം: സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കു പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ 2018-19 അധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദതലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്ക് 15,000 രൂപയാണു സ്കോളർഷിപ്. ബിപിഎൽ വിഭാഗക്കാർക്കാണു മുൻഗണന.
ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും.
വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതു കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി പത്ത്.
മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
12:17 AM Dec 13, 2019 | Deepika.com