കൊച്ചി: മനുഷ്യരുടെ മുഖംനോക്കി അവരുടെ ഭാവം അതേപടി പകർത്തുന്ന കുഞ്ഞൻ റോബട്ട്, ദക്ഷിണമേഖല നാവിക ആസ്ഥാനത്തെ പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി. ബിഡിഎസ് എഡ്യൂക്കേഷൻ എന്ന സ്ഥാപനമാണ് ഈ റോബട്ടിനെ വികസിപ്പിച്ചെടുത്തത്. പ്രതിരോധ മേഖലയിലെ പുത്തൻ വിവരസാങ്കേതിക സൗകര്യങ്ങളുടെയും ആയുധ മാതൃകകളുടെയും പ്രദർശനമാണ് നാവിക ആസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്.
നാവികസേനയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ട്രൈ സർവീസ് ട്രെയ്നിംഗ് കമാന്റ്സ് കോണ്ഫറൻസിന്റെ ഭാഗമായാണ് പ്രദർശനം. സമുദ്രത്തിൽ 100 മീറ്റർ വരെ ആഴത്തിലെത്തി ചിത്രങ്ങൾ പകർത്താനും ചെളി മൂടിക്കിടക്കുന്ന നിലയിൽ അകപ്പെട്ടുപോയ വസ്തുക്കളെ ശബ്ദതരംഗങ്ങളുടെ സഹായത്തോടെ കണ്ടെത്താനും സുരക്ഷാ കാര്യങ്ങൾ ആകാശ കാമറയിലൂടെ പകർത്താനുമുള്ള സംവിധാനങ്ങൾ പ്രദർശനത്തിലുണ്ട്. എറണാകുളത്തെ മേക്കർ വില്ലേജാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്.
വെർച്വൽ റിയാലിറ്റിയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയിലുണ്ട്. കിലോമീറ്ററുകൾ അകലെയുള്ള കപ്പലുകളുടെ സഞ്ചാരഗതി, ഏതുതരം കപ്പലുകളാണ് സമീപത്തുകൂടെ കടന്നുപോകുന്നത്, എത്ര ദൂരത്തിലാണ് അവയുടെ യാത്ര തുടങ്ങി എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്ന നാഷണൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയുടെ സാങ്കേതിക വിസ്മയങ്ങളും പ്രദർശനത്തിൽ കാണാം.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ ത്രിഡി- വെർച്വൽ സംവിധാനം ഉപയോഗപ്പെടുത്തുന്ന നൂതന പരിശീലന സംവിധാനങ്ങളും സജീകരിച്ചിട്ടുണ്ട്.
മേക്കർ വില്ലേജ്, യൂണിറ്റി ടെക്നോളജീസ്, സിഡിഎസി ചെന്നൈ, എൻപിഒഎൽ കൊച്ചി തുടങ്ങിയവ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ 34 ടെക്നിക്കൽ ഏജൻസികളുടെ സ്റ്റാളുകളുണ്ട്.
മുഖം നോക്കി ഭാവം അതേപടി പകർത്തും റോബട്ടും റെഡി
01:35 AM Dec 12, 2019 | Deepika.com