തിരുവനന്തപുരം: പ്രാദേശിക ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള പരിശീലന ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏൽപിക്കാൻ മന്ത്രിസഭാ തീരുമാനം. രക്ഷാ പ്രവർത്തന പരിശീലന പ്രവർത്തനങ്ങൾക്കായി കേരള പുനർ നിർമാണ പ്രവർത്തന ഫണ്ടിൽ നിന്നുള്ള 7.3 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. ഗ്രാമതലത്തിൽ ഗ്രാമ പഞ്ചായത്തുകളും നഗരത്തിൽ നഗരസഭകളും പരിശീലന ചുമതല ഏറ്റെടുക്കും.
ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഫണ്ടിൽ നിന്നു ലഭിച്ച തുകയിൽ നിന്നുള്ള 7.3 കോടി രൂപയാണു നമ്മൾ നമുക്കായി എന്ന ജനകീയ കാംപെയിനായി തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണു നമ്മൾ നമുക്കായി എന്ന കാംപെയിൻ നടത്തുന്നത്. ദുരന്തങ്ങൾ ഉണ്ടായാൽ രക്ഷാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനം പ്രാദേശിക തലത്തിൽ നൽകുകയാണു ലക്ഷ്യമിടുന്നത്. എന്നാൽ, പ്രദേശിക തലത്തിൽ ഇത്തരം വിദഗ്ധ പരിശീലനം ഏതു തരത്തിൽ നൽകുമെന്നോ വിദഗ്ധ പരിശീലനത്തിന്റെ ചുമതല ആരു നിർവഹിക്കുമെന്നോ വ്യക്തമാക്കുന്നില്ല.
പ്രാദേശിക തലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ റവന്യു വകുപ്പായിരുന്നു ഏകോപിപ്പിച്ചിരുന്നത്. ഇതു തദ്ദേശ സ്ഥാപന വകുപ്പിലേക്കു മാറ്റണമെന്ന നിർദേശം ഉദ്യോഗസ്ഥ തലത്തിൽ ഉയർന്നിരുന്നു.
ദുരന്ത നിവാരണ രക്ഷാപ്രവർത്തന പരിശീലനം: 7.3 കോടി അനുവദിച്ചു
12:24 AM Dec 12, 2019 | Deepika.com