പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നാലാമത് അക്കാദമിക വർഷമാണ് 2019-20. ഈ അക്കാദമിക വർഷത്തെ ശാസ്ത്രോത്സവവും കായികോത്സവവും കലോത്സവവും വിജയകരമായി പൂർത്തിയായി. ഈ വർഷത്തെ ശാസ്ത്രോത്സവത്തിൽ നിന്ന് 30 പ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് ഏറ്റവും പ്രഗത്ഭരായവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. വിദഗ്ദ്ധരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ശാസ്ത്രാന്വേഷണ തല്പരായ ആറു പ്രതിഭകളെ കണ്ടെത്തും. അവർക്ക് കൈരളി യുവശാസ്ത്രജ്ഞ പുരസ്കാരം നൽകും.
കായികോത്സവത്തിനും ഇതേ രീതിയിൽ ഒരു തുടർച്ച പ്രതീക്ഷിക്കുന്നു. വിവിധ മേഖലകളിലെ പ്രതിഭകളെ കായികവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി അന്താരാഷ്ട്ര നിലവാരമുള്ളവരാക്കി മാറ്റും. കായികലോകത്ത് കേരളം നിറഞ്ഞു നിൽക്കണം. കായികോത്സവത്തെ അതിന്റെ ആദ്യപടിയായി കാണുന്നു.
കലോത്സവത്തിനും ഇതേരീതിയിൽ ഒരു തുടർച്ച ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. കലോത്സവത്തിലെ ഏറ്റവും പ്രഗത്ഭരായ പത്തിൽ താഴെ കുട്ടികളെ തെരഞ്ഞെടുത്ത് സാഹിത്യ, സംഗീത, ലളിതകലാ അക്കാദമികളുടെ സഹകരണത്തോടെ വിശ്വകലാകാരൻമാരാക്കി മാറ്റുവാനാണ് ശ്രമം.
സർഗ പ്രതിഭകളെ ഇത്തരം വേദികളിൽ വച്ചു മാത്രമല്ല അന്വേഷിക്കുന്നത്. ടാലന്റ് ലാബ് എന്ന സങ്കല്പം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്നോട്ടുവച്ച ഏറ്റവും നൂതനമായ ആശയമാണ്. അധ്യാപകരും മാതാപിതാക്കളും കുട്ടിയെന്താണ് എന്ന് നിരന്തരമായി നിരീക്ഷിക്കണം എന്നതാണ് ഈ സങ്കല്പത്തിന്റെ ആശയം. ആ നിരീക്ഷണം അന്വേഷണത്തിലേക്കും കുട്ടിയുടെ യഥാർത്ഥ ജന്മവാസനയിലേക്കുമെത്തും. ജന്മശേഷിയുടെ പൂർണതയാണ് വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യം.
ഇനി നമുക്ക് ഒരുത്സവം കൂടി വിജയിപ്പിക്കണം. അതു പഠനോത്സവമാണ്. ആദ്യമായാണ് ഡിസംബർ ഒന്നിന് എല്ലാ അക്കാദമിക ഇതര ഉത്സവങ്ങളും സമാപിക്കുന്നത്. ഇനി നാലു മാസം കൂടി ബാക്കിയുണ്ട്. ക്രിസ്മസ്, മോഡൽ പരീക്ഷകളടക്കം മൂന്ന് പരീക്ഷകളുമുണ്ട്. അതിനിടയിൽ ഗ്രാമീണ മേഖലകളിൽ മുഴുവൻ സ്കൂളുകളിലെയും കുട്ടികളുടെ പഠനശേഷി തെളിയിക്കുന്ന, പ്രകടിപ്പിക്കുന്ന പഠനോത്സവങ്ങളുമുണ്ട്. എല്ലാം ചേർന്ന സന്പൂർണ പഠനോത്സവം ഏറ്റവും പ്രബുദ്ധമാക്കുവാൻ ജനത മുഴുവൻ ഒന്നിക്കണം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നാലാം വർഷം ഉത്സവങ്ങളുടെ അക്കാദമിക വർഷമാകട്ടെ എന്നാഗ്രഹിക്കുന്നു. സമൂഹത്തിന്റെ പ്രതീക്ഷ മുഴുവൻ പൊതുവിദ്യാഭ്യാസരംഗത്തെ അധ്യാപകരിലാണ്. ആ പ്രതീക്ഷക്കൊത്ത് ഉയരാൻ വേണ്ടി സമഗ്രമായ തയാറെടുപ്പിലാണ് അധ്യാപകർ എന്നത് ശ്രദ്ധേയമാണ്. ക്ലാസുകളിൽപോലും ലൈബ്രറികൾ ഒരുക്കിക്കൊണ്ട് അറിവിന്റെ ലോകം കുട്ടിയുടെ മുന്നിൽ തുറന്നു കൊടുക്കാനുള്ള അധ്യാപകരുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ അനന്യമായൊരു ജനകീയവിദ്യാഭ്യാസ മാതൃക നമുക്കു തീർക്കാം.
പ്രഫ: സി. രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസമന്ത്രി
ഇനി പഠനോത്സവം
11:17 PM Dec 10, 2019 | Deepika.com