എടത്വ: സ്തീകളുടെ ശബരിമലയായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ലക്ഷക്കണക്കിനു ഭക്തർ ഇന്നു പൊങ്കാല അർപ്പിക്കും. ക്ഷേത്രത്തിന്റെ 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലക്കലങ്ങൾ നീളാനാണു സാധ്യത. കേരളത്തിനകത്തും പുറത്തുനിന്നുമായി നൂറുകണക്കിനു ഭക്തരാണ് ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്കെത്തുന്നത്.
പുലർച്ചെ മുതൽ പൊങ്കാലചടങ്ങുകൾ തുടങ്ങും. രാവിലെ ഒന്പതിനു ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും.
ദേവസ്വം കമ്മീഷണർ ഹർഷൻ മുഖ്യാഥിതിയായിരിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ കാർമികത്വത്തിൽ പൊങ്കാലയ്ക്കു തുടക്കംകുറിച്ച് പണ്ടാര അടുപ്പിലേക്കു മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി അഗ്നി പകരും. പൊങ്കാല ചടങ്ങുകൾക്കു കാര്യദർശി മണിക്കുട്ടൻ നന്പൂതിരി നേതൃത്വം വഹിക്കും. ഉണ്ണികൃഷ്ണൻ നന്പൂതിരി, അശോകൻ നന്പൂതിരി, രഞ്ജിത്ത് ബി. നന്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
ചക്കുളത്തുകാവിൽ പൊങ്കാല ഇന്ന്
12:06 AM Dec 10, 2019 | Deepika.com